ഈ വയസുകാലത്ത് ആര് ബ്ലാക്ക് മെയിൽ ചെയ്യാനാണ്?; പ്രചരിക്കുന്നത് കെട്ടുകഥകളെന്ന് കാനം രാജേന്ദ്രൻ

ബ്ലാക്ക് മെയിൽ ചെയ്യപ്പെടുന്നുണ്ടെന്ന ആരോപണങ്ങൾ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അത്തരത്തിലുള്ള കഥകൾ മാധ്യമങ്ങൾ കെട്ടിച്ചമക്കുന്നതാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഈ വയസുകാലത്ത് തന്നെ ആര് ബ്ലാക്ക് മെയിൽ ചെയ്യാനാണെന്ന് ചോദിച്ച കാനം ആരോപണങ്ങളെ പൂർണ്ണമായും തള്ളി.

സിപിഐഎമ്മിന്റെ തടവറയിലാണ് കാനം എന്ന തരത്തിലുള്ള ആരോപണങ്ങൾ സംബന്ധിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അതൊക്കെ നിങ്ങൾ പറയുന്നതല്ലേ എന്നായിരുന്നു കാനത്തിന്റെ മറുചോദ്യം. എൽദോ എബ്രഹാം എംഎൽഎയുടെ കൈക്ക് പരിക്കേറ്റത് സംബന്ധിച്ച ചോദ്യങ്ങൾക്ക് പരിക്ക് ഉണ്ടോ എന്ന് നമുക്ക് തീരുമാനിക്കാൻ കഴിയില്ലെന്നാണ് കാനം പറഞ്ഞത്. എൽദോയെ മർദിച്ചുവെന്ന് തന്നെ കരുതുന്നുവെന്നും കാനം പറഞ്ഞു. ആലപ്പുഴയിൽ പോസ്റ്റർ പതിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അതേപ്പറ്റി കൂടുതൽ പ്രതികരിക്കുന്നില്ലെന്നും കാനം വ്യക്തമാക്കി.

എൽദോ എബ്രഹാം എംഎൽഎയ്ക്ക് മർദനമേറ്റത് സമരം ചെയ്തിട്ടാണെന്നും പൊലീസ് ആരുടേയും വീട്ടിൽ കയറി മർദിച്ചിട്ടില്ലെന്നും കാനം പറഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെ കാനത്തെ വിമർശിച്ച് ആലപ്പുഴയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ‘കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ’ എന്നായിരുന്നു പോസ്റ്ററിൽ എഴുതിയത്. എൽദോ എബ്രഹാം എംഎൽഎയ്ക്ക് പിന്തുണയെന്നും പോസ്റ്ററിൽ വ്യക്തമാക്കിയിരുന്നു. കാനത്തെ വിമർശിച്ച് സിപിഐ മുതിർന്ന നേതാക്കളും രംഗത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top