നെഹ്‌റു കോളേജിന്റെ പ്രതികാര നടപടി വീണ്ടും; ജിഷ്ണു പ്രണോയുടെ ചിത്രം പതിച്ച കാർഡ് വിതരണം ചെയ്ത വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

ജിഷ്ണു പ്രണോയുടെ ചിത്രം പതിച്ച സ്വാഗത കാർഡ് വിതരണം ചെയ്ത വിദ്യാർത്ഥികളെസസ്‌പെൻഡ് ചെയ്ത് പാമ്പാടി നെഹ്‌റു കോളേജിന്റെ പ്രതികാര നടപടി വീണ്ടും. കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അടക്കം ഏഴ് വിദ്യാർത്ഥികളെയാണ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തത്. അധ്യാപകരോട് അപമര്യാദയായി പെരുമാറിയെന്ന് മാനേജ്‌മെന്റ് വിശദീകരിക്കുമ്പോഴും ജിഷ്ണുവിന്റെ ചിത്രംവെച്ച കാർഡ് പുതിയ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തതാണ് സസ്‌പെൻഷന് കാരണമെന്ന് പരാതിക്കാരനായ അധ്യാപകൻ പറയുന്ന ശബ്ദരേഖ പുറത്തു വന്നു. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്.
ജിഷ്ണു പ്രണോയുടെ ചിത്രംവെച്ച സ്വാഗത കാർഡാണ് നെഹ്‌റു കോളേജ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചിരിക്കുന്നത്. അധ്യാപകരോട് മോശമായി പെരുമാറിയെന്ന് സസ്‌പെൻഷന് കരണമായി പറയുന്ന മാനേജ്‌മെൻറിന്റെ വാദം പൊളിക്കുകയാണ് പരാതിക്കാരനായ അധ്യാപകന്റെ ശബ്ദരേഖ. മാനേജ്‌മെന്റ് മനപൂർവ്വം പരാതി എഴുതി വാങ്ങിയതാണെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് പരാതിക്കാരനായ അധ്യപകൻ.
നവാഗതരായ വിദ്യാർത്ഥികൾക്ക് മധുരം നൽകി സ്വീകരിച്ച രണ്ട് എബിവിപി നേതാക്കളും സസ്‌പെൻഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കോളേജിൽ നിരന്തര സമരത്തിന്റെ ഭാഗമായി നേടിയെടുത്ത സംഘടന സ്വാതന്ത്ര്യമടക്കംഅട്ടിമറിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. നെഹ്‌റു കോളേജ് മാനേജ്‌മെന്റ് നടപടിക്കെതിരെ സമരം തുടങ്ങുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here