മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു; മുംബൈ, താനെ, റായിഗഡ്, പാൽഗ‍ർ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

കനത്ത മഴയ്ക്ക് ശമനമില്ലാതെ മഹാരാഷ്ട്ര. മുംബൈ,താനെ,റായിഗഡ്,പാൽഗ‍ർ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.  ജനജീവിതത്തെയും വിമാന, ട്രെയിൻ സർവീസുകളെയും സാരമായി ബാധിച്ചു.

മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന പതിനൊന്നു വിമാനസർവ്വീസുകൾ റദ്ദാക്കി. മുംബൈയിൽ ഇറങ്ങേണ്ട ഒമ്പതു വിമാനങ്ങളെ സമീപവിമാനതാവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. കാലവർഷം ശക്തമാകുന്നതിനു പുറമേ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച മുംബൈ, താനെ, കല്ല്യാൺ മേഖലകളിൽ മുൻക്കൂറായി ദുരന്തനിവാരണസേനയെ വിന്യസിച്ചു. പ്രളയസമാനമായ സാഹചര്യം നേരിടുന്നതിന് എല്ലാ മുന്നൊരുക്കങ്ങളും നടത്താൻ സംസ്ഥാനസർക്കാർ ജില്ലാഭരണക്കൂടങ്ങൾക്ക് നിർദ്ദേശം നൽകി.

ജനങ്ങൾ വെള്ളക്കെട്ടുകളിൽ ഇറങ്ങരുതെന്നും കടൽതീരത്തു നിന്ന് സുരക്ഷിതഅകലം പാലിക്കണമെന്നും മുംബൈ പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏതു സാഹചര്യവും നേരിടാൻ തയാറായതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വീടുകളുടെ ഒന്നാം നിലയിൽ വരെ വെള്ളം കയറി. കൊങ്കൺ മേഖലയിലെ വനപ്രദേശത്തോട് ചേർന്നുള്ള ഗ്രാമങ്ങളിൽ കുടുങ്ങിയവർക്ക് ദുരന്തനിവാരണസേന ഭക്ഷണവും വെള്ളവും എത്തിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top