പൊലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ നേതാവിനെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു; നാല് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിൽ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ അതിക്രമം. രേഖകളില്ലാതെ വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ നേതാവിനെ ബലം പ്രയോഗിച്ച് പൊലീസ് സ്റ്റേഷനിൽ നിന്നും മോചിപ്പിച്ചു. നാല് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. കണ്ടാലറിയാവുന്ന മറ്റു മൂന്നു പേർക്കെതിരെയും കേസെടുക്കും.
ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസ് സംഘം എസ്എഫ്‌ഐ നേതാവ് സച്ചിൻ ദാസിന്റെ വാഹനത്തിന് കൈകാണിച്ചു. വേണ്ടത്ര രേഖകൾ ഇല്ലാത്തതിനാൽ വാഹനത്തോടൊപ്പം ജിതിൻ ദാസിനെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇരവിപുരം പൊലീസ് സ്റ്റേറ്റിലെത്തിച്ചു. ഇതിന് പിന്നാലെ സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവർത്തകർ പൊലീസുകാരെ അസഭ്യവർഷം ചൊരിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
തുടർന്ന് സ്റ്റേഷനിൽ നിന്നും സച്ചിൻ ദാസിനെ ഇവർ ബലമായി പിടിച്ചിറക്കിക്കൊണ്ടുപോയി. തടയാൻ ശ്രമിച്ച പൊലീസുകാർക് നേരെ പ്രവർത്തകർ ഭീഷണിയും മുഴക്കി. അതേസമയം, കസ്റ്റഡിയിലെടുത്തയാളെ ജാമ്യത്തിൽ വിടുകയാണുണ്ടായതെന്ന് ഇരവിപുരം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here