സിപിഐ മാർച്ചിനെതിരായ നടപടിയിൽ പൊലീസിന് വീഴ്ച്ച : ജില്ലാ കളക്ടറുടെ റിപ്പോർട്ട്

എറണാകുളത്ത് സി.പി.ഐ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ജില്ലാകലക്ടറുടെ റിപ്പോര്‍ട്ട്. എംഎല്‍എക്ക് മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ടില്ലെന്നും മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മനസിലാക്കിയശേഷം പ്രതികരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനന്‍ പറഞ്ഞു.
സിപിഐ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ തുടര്‍ച്ചയായ പ്രകോപനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് കലക്ടര്‍ എസ്.സുഹാസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ലാത്തിവീശുന്നതിനു മുന്‍പു സ്വീകരിക്കേണ്ട നടപടിക്രമങ്ങളൊന്നും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. എല്‍ദോ എബ്രഹാം എം.എല്‍.എക്ക് മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. ഡി.ഐ.ജി ഓഫിസിലേക്ക് മാര്‍ച്ചു നടത്തുന്ന വിവരം അന്നു രാവിലെ മാത്രമാണ് പൊലീസ് അറിഞ്ഞത്. മാര്‍ച്ചുണ്ടെന്ന കാര്യം മുന്‍കൂട്ടി അറിയിക്കാന്‍ സി.പി.ഐ നേതൃത്വവും തയാറായില്ല. പരിചിതമായ മുഖമായിട്ടും എം.എല്‍.എ ലാത്തിച്ചാര്‍ജിന് ഇരയായി. ഇതില്‍ ഗുരുതരമായ വീഴ്ചയാണ് ഉദ്യോഗസ്ഥര്‍ക്കുണ്ടായതെന്നും റിപ്പോര്‍ട്ടു പറയുന്നു. രാഷ്ട്രീയമായി സി.പി.ഐക്ക് ആശ്വാസമേകുന്ന നിഗമനങ്ങളാണ് ജില്ലാകലക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
റിപ്പോര്‍ട്ട് പരിശോധിച്ച് മുഖ്യമന്ത്രി എന്തുനിലപാടെടുക്കും എന്നതാണ് ഇനി നിര്‍ണായകം. ആഗ്രഹിക്കുന്ന നടപടി പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ ഉണ്ടായില്ലെങ്കില്‍ സി.പി.ഐ സംസ്ഥാന നേതൃത്വം വീണ്ടും പ്രതിസന്ധിയിലാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here