കർണാടകയിൽ യെദ്യൂരപ്പ സർക്കാർ ഇന്ന് വിശ്വാസ വോട്ട് തേടും; സ്പീക്കറെ പുറത്താക്കിയേക്കും

കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇന്ന് നിയമസഭയിൽ വിശ്വാസ വോട്ടു തേടും. 17 എംഎൽഎമാരെ അയോഗ്യരാക്കിയെങ്കിലും യെദ്യൂരപ്പ വിശ്വാസ വോട്ടിൽ വിജയിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. വിശ്വാസ വോട്ട് കണക്കിലെടുത്ത് സംഘർഷം ഒഴിവാക്കാൻ കർണാടക നിയമസഭയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. അതേസമയം, സ്പീക്കർ രമേഷ് കുമാറിനെ പുറത്താക്കിയേക്കുമെന്ന് സൂചനയുണ്ട്.

യെദ്യൂരപ്പ സർക്കാരിന് നൂറ്റിയാറ് പേരുടെ പിന്തുണയാണുള്ളത്. പ്രതിപക്ഷത്ത് കോൺഗ്രസ് ദൾ സഖ്യത്തിന് സ്പീക്കർ അടക്കം നൂറ് പേരുടെ പിന്തുണയും. ഇതാകും യെദ്യൂരപ്പ സർക്കാരിന്റെ വിശ്വാസവോട്ട് ഫലം. ഇരുപക്ഷത്തും തുല്യ വോട്ടല്ലാത്തതിനാൽ സ്പീക്കർക്ക് കാസ്റ്റിംഗ് വോട്ട് വേണ്ടി വരില്ല. അപ്പോൾ പ്രതിപക്ഷ വോട്ട് 99 ആകും. ബിഎസ്പിയുടെ ഏക എംഎൽഎ എൻ മഹേഷ് ആർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുമില്ല. നിഷ്പക്ഷത പാലിക്കുമെന്നായിരുന്നു മുൻ പ്രഖ്യാപനം.

വിശ്വാസ പ്രമേയത്തിനു പിന്നാലെ ധന ബില്ലും മുഖ്യമന്ത്രി യെദ്യൂരപ്പ അവതരിപ്പിക്കും. യെദ്യൂരപ്പ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ ബിജെപി എംഎൽഎ മാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. ബിജെപി എംഎൽഎമാരെ ബെംഗളൂരുവിലെ റിസോർട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്. ഇവിടെ നിന്നാകും ബിജെപി എംഎൽഎമാർ സഭയിലേക്ക് പുറപ്പെടുക. വിശ്വാസ വോട്ടിന് മുന്നോടിയായി കോൺഗ്രസ് നിയമസഭാകക്ഷി യോഗം രാവിലെ ചേരും. സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് യോഗം രൂപം നൽകും.

17 വിമതരെ അയോഗ്യരാക്കിയതോടെ തെരഞ്ഞെടുക്കപ്പെട്ട ആകെ അംഗങ്ങളുടെ എണ്ണം 207 ആയി ചുരുങ്ങിയിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 105 പേർ മതി. ബി ജെ പിക്ക് മാത്രമായി നൂറ്റി അഞ്ചു പേരും എച്ച് നാഗേഷ് എന്ന സ്വതന്ത്രന്റെ പിന്തുണയുമുണ്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top