‘ഹിന്ദുവായ എന്റെ സഹോദരിയാണ് മാമുക്കോയയുടെ ആലയിലിരുന്ന് ചിരിക്കുന്നത്’; ‘ഹിന്ദുപ്പശു’ പ്രസ്താവനയെ പരിഹസിച്ച് നടൻ ഹരീഷ് പേരടി

പശു ഹിന്ദുവാണെന്നും മുസ്ലീംങ്ങളുടെ വീട്ടിലെ പശുക്കളെ പിടിച്ചെടുക്കണമെന്നും ബിജെപി നേതാവ് രഞ്ജിത്ത് ശ്രിവാസ്തവ ആഹ്വാനം ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. പരാമർശത്തെ പരിഹസിച്ചും വിമർശിച്ചും പലരും രംഗത്തു വന്നു. നടന്‍ ഹരീഷ് പേരടിയും ഈ പരാമർശത്തെ പരിഹസിച്ച് രംഗത്തെത്തി. സിനിമാതാരം മാമുക്കോയയുടെ പശുവിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. മാമുക്കോയയ്‌ക്കൊപ്പമുള്ള ചിത്രവും അതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
മാമുക്കോയയുടെ ആലയിലിരുന്നു ചിരിക്കുന്നത് തന്റെ ഹിന്ദു സഹോദരിയാണെന്ന് മനസിലായത് ഇപ്പോഴാണ് എന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ ഹരീഷ് പറയുന്നത്. മാമുക്കോയയെ അല്ല മാമുക്കോയയുടെ പശുവിനെയാണ് താന്‍ സ്‌നേഹിക്കേണ്ടത് എന്ന അറിവ് പകര്‍ന്നു തന്ന സഹോദരങ്ങളോടുള്ള നന്ദി എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് അറിയില്ലെന്നും അദ്ദേഹം കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേയ്‌സ്ബുക്ക് കുറിപ്പ്:
ഞാനിത്രയും കാലം ഈ മന്യഷ്യനെ ഇക്കാ… എട്ടാ… എന്നൊക്കെ വിളിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ വീട്ടിലെ പശു എന്നെ നോക്കി ചിരിക്കുമായിരുന്നു … ഹിന്ദുവായ എന്റെ യഥാര്‍ത്ഥ സഹോദരിയാണ് മാമുക്കോയയുടെ ആലയിലിരുന്ന് ചിരിക്കുന്നത് എന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്.
മാമുക്കോയയെ അല്ല മാമുക്കോയയുടെ പശുവിനെയാണ് ഞാന്‍ സ്‌നേഹിക്കേണ്ടത് എന്ന പുതിയ അറിവ് എന്നിലേക്ക് പകര്‍ന്ന് തന്ന സഹോദരങ്ങളോടുള്ള എന്റെ നന്ദി എങ്ങിനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ലാ… ഹിന്ദുക്കളായ ദാസനെയും വിജയനെയും ദുബായിയാണെന്ന് പറഞ്ഞ് പറ്റിച്ച് മദ്രാസില്‍ ഇറക്കിവിട്ടതിനുള്ള ശിക്ഷ ഞാനി മനുഷ്യന്റെ പശുവിനെ അടിച്ച് മാറ്റി പകരം വീട്ടും… ജയ് പശു … ജയ് ചാണകം …ജയ് പിണ്ണാക്ക് …
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here