ഉന്നാവോ അപകടം; പരാതിക്കാരിയുടെ ആരോഗ്യനില അതീവ ഗുരുതരം

അപകടത്തിൽ പരിക്കേറ്റ ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പെൺകുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. തലയ്ക്കും കാലിനുമാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. അതേസമയം, പെൺകുട്ടി ചികിത്സയിൽ കഴിയുന്ന ലക്‌നൗ ആശുപത്രിയുടെ പരിസര പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. വൻ പൊലീസ് സന്നാഹത്തെയാണ് സുരക്ഷയുടെ ഭാഗമായി നിയോഗിച്ചിരിക്കുന്നത്.
അതിനിടെ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. സമാജ്‌വാദി പാർട്ടി നേതാവിന്റെ സഹോദരന്റേതാണ് ട്രക്ക്. ഉടമ ദേവേന്ദ്ര പാലിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു. ഇയാളുടെ വീട് പൂട്ടിയ നിലയിലാണ് ഇയാൽ ഒളിവിൽ പോയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. അപകടവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് യുപി സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുപി സർക്കാർ കേന്ദ്രത്തിന് കത്ത് നൽകി.
സംഭവത്തിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സേംഗർക്കെതിരേ കഴിഞ്ഞദിവസം കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എംഎൽഎയും സഹോദരൻ മനോജ് സേംഗറും ഉൾപ്പെടെ പത്തുപേർ കേസിൽ പ്രതിസ്ഥാനത്തുണ്ട്. പെൺകുട്ടിയുടെ അമ്മാവൻ റായ്ബറേലി ജയിലിൽക്കഴിയുന്ന മഹേഷ് സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റായ്ബറേലിയിലെ ഗുർബൂബ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. അപകടം ആസൂത്രിതമാണെന്ന് ഇരയുടെ അമ്മ ആരോപിച്ചിരുന്നു.
റായ്ബറേലിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന രണ്ട് ബന്ധുക്കൾ മരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ച ലോറിയുടെ നമ്പർ മായ്ച്ച നിലയിലായിരുന്നതും പെൺകുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാർ അപകടസമയം കൂടെയില്ലാതിരുന്നതും സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്. 2017 ജൂണിൽ ബിജെപി എംഎൽഎ കുൽദീപ് സെൻഗാർ വീട്ടിൽവെച്ച് പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here