വി.ജി സിദ്ധാര്‍ത്ഥയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ആയിരങ്ങള്‍

കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ചിക്ക്മംഗളുരുവിലെ കഫേ കോഫി ഡേ ആസ്ഥാനത്ത് നടന്ന പൊതുദര്‍ശനത്തിന് എത്തിയത് ആയിരങ്ങള്‍. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സിദ്ധാര്‍ത്ഥയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി.
ചിക്ക്മംഗളുരുവിലെ കഫേ കോഫി ഡേ ആസ്ഥാനത്തേക്ക് വിജി സിദ്ധാര്‍ത്ഥയെ അവസാനമായി ഒരു നോക്കുകാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും പൊതുദര്‍ശന ചടങ്ങിലെത്തി. കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കഫേ കോഫി ഡേ ആസ്ഥാനത്തെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ചിക്മംഗളുരുവിലെ പൊതുദര്‍ശനത്തിന് ശേഷം ചേതനഹള്ളിയിലെ വസതിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.
സിദ്ധാര്‍ത്ഥയുടെ മരണം കര്‍ണാടക രാഷ്ട്രീയത്തിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദമാണ് കര്‍ണാടക സര്‍ക്കാര്‍ നേരിടുന്നത്. തിങ്കളാഴ്ചയാണ് കഫേ കോഫിഡേ സ്ഥാപകനായ സിദ്ധാര്‍ത്ഥയെ കാണാതാവുന്നത്. മുപ്പത്തിയെട്ട് മണിക്കൂറിലധികം നേത്രാവതി പുഴയില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ ആറരയോടു കൂടി സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെടുക്കുന്നത്. മത്സ്യ ബന്ധനത്തിനായി പോയ തൊഴിലാളികളാണ് സിദ്ധാര്‍ത്ഥയുടെ മൃതദേഹം ആദ്യം തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പതിനൊന്നു മണിയോടുകൂടി ചിക്ക്മംഗ്ലൂരിലേക്ക് മൃതദേഹം കൊണ്ടു പോകുകയായിരുന്നു. ശേഷം സംസ്‌കാര ചടങ്ങുകള്‍ക്കായി വസതിയിലേക്ക് കൊണ്ടു പോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here