അർജുൻ ജയരാജ് ബ്ലാസ്റ്റേഴ്സിൽ; മധ്യനിരയിൽ മലയാളി ത്രയം

ഐലീഗ് ഗോകുലം കേരള എഫ്സിയുടെ മലയാളി താരം അർജുൻ ജയരജിനെക്കൂടി ടീമിലെത്തിച്ചതോടെ മധ്യനിരയിൽ മലയാളി ത്രയത്തെയാണ് ബ്ലാസ്റ്റേഴ്സ് അണിനിരത്തിയിരിക്കുന്നത്. അർജുനൊപ്പം രാഹുൽ കെപിയെ ബ്ലാസ്റ്റേഴ്സ് നേരത്തെ ടീമിലെത്തിച്ചിരുന്നു. ഇവരെക്കൂടാതെ കഴിഞ്ഞ രണ്ട് സീസണുകളിലായി ടീമിനൊപ്പമുള്ള സഹൽ അബ്ദുൽ സമദ് കൂടി ചേരുന്നതോടെ ബ്ലാസ്റ്റേഴ്സ് മധ്യനിര ‘മലയാളിത്തം’ കൊണ്ട് നിറയും.
ഗോകുലം കേരള എഫ്സിക്ക് വേണ്ടി കഴിഞ്ഞ രണ്ട് സീസണുകളിലും മികച്ച പ്രകടനം നടത്തിയ താരമാണ് അർജുൻ ജയരാജ്. ഗോകുലത്തിൻ്റെ മധ്യനിര നിയന്ത്രിച്ചിരുന്ന അർജുൻ ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഗോളുകൾ നേടാൻ കഴിവുള്ള താരവും കൂടിയാണ്. അർജുനെ സ്വന്തമാക്കാൻ ഡൽഹി ഡൈനാമോസ് കൂടി രംഗത്തുണ്ടായിരുന്നുവെങ്കിലും ഗോകുലം ഓഫർ നിരസിച്ചിരുന്നു.
മൂവരും ഫൈനൽ ഇലവനിൽ ഉണ്ടാവുമോ എന്ന ഉറപ്പില്ലെങ്കിലും പകരക്കാരുടെ ബെഞ്ചിലെങ്കിലും ഇടം പിടിക്കുമെന്നാണ് പ്രതീക്ഷ. അർജുൻ കൂടി ടീമിലെത്തിയതോടെ ആഷിഖ് കുരുണിയൻ ഒഴികെ ദേശീയ ശ്രദ്ധ നേടിയ മലയാളി യുവതാരങ്ങളിൽ പ്രധാനികൾ ഒക്കെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുകയാണ്. ജിതിൻ എം എസ്, ഋഷി ദത്ത്, ഹക്കു, ജിഷ്ണു തുടങ്ങിയ മലയാളി യുവതാരങ്ങളും ബ്ലാസ്റ്റേഴ്സിനൊപ്പം തന്നെ ഉണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here