Advertisement

ജംഷഡ്പൂരിനോട് സമനില വഴങ്ങി ; ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് യോഗ്യതയില്ല

March 1, 2025
Google News 2 minutes Read

പ്ലേഓഫ് ഉറപ്പിച്ച ജംഷഡ്പൂര്‍ എഫ്സിയെ സമനിലയില്‍ (1-1) കുരുക്കി കേരള ബ്ലാസ്റ്റേഴ്സ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും അവസാന മിനിറ്റില്‍ വഴങ്ങിയ ദാനഗോള്‍ വിജയം തടയുകയായിരുന്നു. 35ാം മിനിറ്റില്‍ കോറുസിങാണ് തകര്‍പ്പന്‍ ഷോട്ടിലൂടെ കേരളത്തെ മുന്നിലെത്തിച്ചത്. ഐഎസ്എലില്‍ ഇതുവരെ ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ തോല്‍വി വഴങ്ങിയിട്ടില്ല. 22 മത്സരങ്ങളില്‍ 25 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് 9ാം സ്ഥാനത്ത് തുടര്‍ന്നെങ്കിലും പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാലും ടീമിന് പ്ലേഓഫ് യോഗ്യത ലഭിക്കില്ല. നിര്‍ണായക സമനിലയോടെ 22 കളിയില്‍ 38 പോയിന്റുമായി ബെംഗളൂരിനെ മറികടന്ന് ജംഷഡ്പൂര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ടീം നേരത്തേ പ്ലേഓഫ് ഉറപ്പാക്കിയിരുന്നു. മാര്‍ച്ച് 7ന് മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം

നിര്‍ണായക മത്സരത്തില്‍ നാലുമാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഗോള്‍വലയ്ക്ക് മുന്നില്‍ കമല്‍ജിത് സിങിന് പകരം നോറ ഫെര്‍ണാണ്ടസിന് അരങ്ങേറ്റ അവസരം നല്‍കി. സീസണില്‍ ബ്ലാസ്റ്റേഴ്സ് പരീക്ഷിക്കുന്ന മൂന്നാം ഗോള്‍കീപ്പര്‍. പ്രതിരോധത്തില്‍ ദുസാര്‍ ലഗാറ്റോര്‍, ഐബന്‍ബ ഡോഹ്ലിങ്, നവോച്ച സിങ്, മിലോസ് ഡ്രിന്‍സിച്ച് എന്നിവര്‍ തുടര്‍ന്നു. മധ്യനിരയില്‍ ഡാനിഷ് ഫാറൂഖ്, അമാവിയ റെന്‍ത്ലെയ് എന്നിവര്‍ക്ക് പകരം യോയ്ഹെന്‍ബയും മുഹമ്മദ് ഐമെനും വന്നു. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും വിബിന്‍ മോഹനനും തുടര്‍ന്നു. ഹെസ്യൂസ് ഹിമിനെസിന്റെ അഭാവത്തില്‍ ക്വാമി പെപ്രയും കോറു സിങും മുന്നേറ്റം നയിച്ചു. ജംഷഡ്പുര്‍ എഫ്സിയുടെ ഗോള്‍വലയ്ക്ക് മുന്നില്‍ ആല്‍ബിനോ ഗോമസ്. പ്രതിരോധത്തില്‍ പ്രതിക് ചൗധരി, മുഹമ്മദ് ഉവൈസ്, ശുഭം സാരംഗി, ലസാര്‍ സിര്‍ക്കോവിച്ച് എന്നിവര്‍. മധ്യനിരയില്‍ സ്റ്റീഫന്‍ എസെ, സൗരവ് ദാസ്, ഹാവി ഹെര്‍ണാണ്ടസ്. ജോര്‍ദാന്‍ മറെയ്ക്കൊപ്പം റിത്വിക് ദാസ്, ഇമ്രാന്‍ ഖാന്‍ എന്നിവരായിരുന്നു മുന്നേറ്റത്തില്‍.

Read Also: രഞ്ജി കിരീടം എന്ന സ്വപനം അകലുന്നു, വിദര്‍ഭ പിടിമുറുക്കി! കരുണ്‍ നായർക്ക് സെഞ്ച്വറി

തുടക്കത്തില്‍ തന്നെ ഹാവിയുടെ ഫ്രീകിക്ക് നോറ ഫെര്‍ണാണ്ടസ് തടഞ്ഞിട്ടു. എട്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി തുടര്‍ച്ചയായ രണ്ട് കോര്‍ണര്‍ കിക്കുകള്‍ ലഭിച്ചെങ്കിലും ഫലമുണ്ടാക്കാനായില്ല. നവോച്ച സിങ് ഒറ്റയ്ക്ക് മുന്നേറി ബോക്സിനകത്ത് മികച്ചൊരു ശ്രമം നടത്തിയെങ്കിലും ആല്‍ബിനോ അനായാസം കയ്യിലൊതുക്കി. രണ്ട് കോര്‍ണര്‍ കിക്കുകള്‍ കൂടി ബ്ലാസ്റ്റേസിന് ലഭിച്ചു. ലൂണയുടെ ക്രോസില്‍ ഡ്രിന്‍സിച്ച് ഷോട്ടിന് ശ്രമിച്ചെങ്കിലും സ്റ്റീഫന്‍ എസെ തടസം സൃഷ്ടിച്ചു. ക്വാമി പെപ്രയുടെ ഒരു ശ്രമം കൂടി കോര്‍ണറില്‍ കലാശിച്ചു. ബ്ലാസ്റ്റേഴ്സ് ഗോള്‍ശ്രമം തുടര്‍ന്നെങ്കിലും എസെയും പ്രതിക് ചൗധരിയും വലക്ക് മുന്നില്‍ പാറ പോലെ ഉറച്ചുനിന്നു. അതേസമയം ആദ്യ 30 മിനിറ്റില്‍ ജംഷഡ്പുരിന് ലക്ഷ്യത്തിലേക്ക് ഒറ്റ ഷോട്ട് പോലും പായിക്കാനായില്ല.

35ാം മിനിറ്റില്‍ കോറുസിങിന്റെ ഒറ്റയാന്‍ മുന്നേറ്റത്തില്‍ ജംഷഡ്പൂര്‍ വിറച്ചു. ആല്‍ബിനോ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്തേക്ക് നീട്ടിനല്‍കിയ പന്ത് ദുസാന്‍ ലഗാറ്റോര്‍ ഹെഡറിലൂടെ ജംഷഡ്പൂര്‍ പകുതിയിലേക്ക് തിരിച്ചുവിട്ടു. വലതുവിങില്‍ പന്ത് നേടിയ കോറുസിങ്, ഉയരക്കാരനായ എസെയുടെ തലക്ക് മുകളിലൂടെ പന്തുയര്‍ത്തി, ബോക്സിലേക്ക് ഒറ്റയാനായി കുതിച്ചു. ജംഷഡ്പൂര്‍ പ്രതിരോധം തടയാന്‍ ഓടിയെത്തിയെങ്കിലും ബോക്സിനകത്ത് നിന്നുള്ള 18കാരന്റെ മനോഹരമായ വലങ്കാലന്‍ ഷോട്ട് അപ്പോഴേക്കും വല തുളച്ചുകയറിയിരുന്നു. ബ്ലാസ്റ്റേഴ്സിനായി സീസണില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച കോറു സിങിന്റെ രണ്ടാം ഗോള്‍ ടീമും ഗ്യാലറിയും ആഘോഷിച്ചു. തൊട്ടുപിന്നാലെ ഇടതുവിങിലെ മുന്നേറ്റത്തില്‍ പെപ്ര ലീഡുയര്‍ത്തുമെന്ന് തോന്നിച്ചെങ്കിലും ബോക്സിനരികെ താരത്തെ എതിരാളികള്‍ വീഴ്ത്തി, പക്ഷേ റഫറി ഫൗള്‍ അനുവദിച്ചില്ല. മറുഭാഗത്ത് ജംഷഡ്പൂര്‍ കൗണ്ടര്‍ അറ്റാക്കിന് ശ്രമിച്ചു, ജോര്‍ദാന്‍ മറെയുടെ ബോക്സിനകത്തെ ശ്രമം ലഗാറ്റോര്‍ വിഫലമാക്കി. കളി രണ്ടാംപകുതിക്കായി പിരിഞ്ഞു.

ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്സ് യോയ്ഹെന്‍ബയ്ക്ക് പകരം ഡാനിഷ് ഫാറൂഖിനെ ഇറക്കി. 48ാം മിനിറ്റില്‍ ജംഷഡ്പൂര്‍ കളിയിലെ രണ്ടാം കോര്‍ണര്‍ കിക്ക് നേടി. ഗോള്‍വലക്ക് തൊട്ടുമുന്നില്‍ എസെയുടെ ഹെഡര്‍ നോറ കൈപ്പിടിയിലാക്കി. ലൂണയും വിബിനും ലീഡുയര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തി. മനോഹരമായ രണ്ട് ഷോട്ടുകളും ലക്ഷ്യം കാണാതെ പുറത്തായി. ബ്ലാസ്റ്റേഴ്സ് രണ്ടാം മാറ്റേം വരുത്തി, ഐമെന് പകരം അമാവിയ എത്തി. സമനില നേടാനുള്ള സന്ദര്‍ശകരുടെ ശ്രമങ്ങള്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധം പൊളിച്ചു. 82ാം മിനിറ്റില്‍ ജംഷഡ്പൂര്‍ വല വീണ്ടും കുലുങ്ങിയെങ്കിലും ഓഫ്സൈഡ് കുരുക്കായി. അവസാന മിനിറ്റുകളില്‍ ഒപ്പമെത്താന്‍ ജംഷഡ്പൂര്‍ നടത്തിയ നിതാന്ത പരിശ്രമങ്ങള്‍ ഗോളില്‍ കലാശിച്ചു. വലതുവിങില്‍ നിന്ന് ജംഷഡ്പൂര്‍ താരത്തിന്റെ ബോക്സിലേക്കുള്ള ക്രോസ് ക്ലിയര്‍ ചെയ്യാനുളള മിലോസ് ഡ്രിന്‍സിച്ചിന്റെ ശ്രമമാണ് ദാനഗോളില്‍ കലാശിച്ചത്. ഒപ്പമെത്തിയ ജംഷഡ്പൂര്‍ തുടരെ ആക്രമണങ്ങള്‍ നടത്തിയെങ്കിലും നോറ രക്ഷകനായി.

Story Highlights : Own goal ends Kerala Blasters’ playoff hopes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here