ചാവക്കാട് പുന്ന നൗഷാദ് കൊലപാതകം; അഞ്ച് പേർ പൊലീസ് കസ്റ്റഡിയിലുള്ളതായി സൂചന

ചാവക്കാട് പുന്ന നൗഷാദ് കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേർ പൊലീസ് കസ്റ്റഡിയിലുള്ളതായി സൂചന. അക്രമി സംഘത്തിന് പ്രാദേശികമായി പിന്തുണ നൽകിയവരെ സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് അഞ്ച് പേരെ കസ്റ്റഡിയിൽ എടുത്തത്. ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്‌.

കൊലപാതകങ്ങളിലടക്കം വൈദഗ്ദ്ധ്യം നേടിയ സംഘമാണ് ചാവക്കാട് പുന്ന അക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അക്രമണം നടത്താനായി സംഘത്തിന് പ്രാദേശിക പിന്തുണ ലഭിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തിലാണ്
അഞ്ച് പേരെ കസ്റ്റഡിയിലെടുത്തത്.ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചതായും അറസ്റ്റ് ഉടനെ ഉണ്ടാകുമെന്നുമാണ് അന്വേഷണ ചുമതലയുള്ള ചാവക്കാട് സി ഐയും പറയുന്നത്.

ആക്രമണത്തിൽ പരിക്കേറ്റ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റ്‌ മൂന്നു പേരുടെയും നില തൃപ്തികരമാണ്. ഇവരിൽ നിന്ന് കൂടി പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തും. അതേസമയം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നൗഷാദിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പുന്ന ജുമാമസ്ജിദിൽ സംസ്‌ക്കരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top