Advertisement

‘കേസില്ലാ വക്കീലെന്ന് ആക്ഷേപമുണ്ടെങ്കിലും സുപ്രീംകോടതി ജഡ്ജി പദവിക്ക് അർഹതയുണ്ട്’; അഡ്വ. ജയശങ്കറെ പരിഹസിച്ച് പി കെ ശ്രീമതി

August 1, 2019
Google News 1 minute Read

എ സമ്പത്തിനെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച സംസ്ഥാന സർക്കാർ കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ പരാജയപ്പെട്ട പി കെ ശ്രീമതിയെ അമേരിക്കയിലെ അംബാസിഡറോ ഐക്യരാഷ്ട്ര സംഘടനയിലോ സ്ഥിരാംഗമോ ആയി നിയമിക്കണമെന്ന് അഡ്വക്കേറ്റ് എ ജയശങ്കറിന്റെ പരിഹാസത്തിന് മറുപടിയുമായി പി കെ ശ്രീമതി രംഗത്ത്. കേസില്ലാ വക്കീലെന്ന് ചില കുബുദ്ധികൾ ആക്ഷേപിക്കുന്നുണ്ടെങ്കിലും ജയശങ്കറിന്റെ ‘നിയമപാണ്ഡിത്യവും പ്രാഗത്ഭ്യവും’ കണക്കിലെടുത്താൽ നേരിട്ട് ഒരു സുപ്രീംകോടതി ജഡ്ജി പദവിക്കെങ്കിലും അർഹതയുണ്ടെന്ന് ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു. തന്നെ അമേരിക്കയിലെ അംബാസിഡറാക്കാൻ ശുപാർശ ചെയ്ത ജയശങ്കരനെ അറ്റോർണി ജനറലോ സുപ്രീംകോടതി ജഡ്ജിയോ ആക്കണമെന്ന് ഒരു പ്രത്യുപകാരമെന്ന നിലയിൽ താനും ശുപാർശ ചെയ്യുന്നുവെന്നും ശ്രീമതി പരിഹസിച്ചു.

നെരുവമ്പറം യു. പി. സ്‌കൂൾ ഹെഡ് ടീച്ചറായി വിരമിച്ച തന്നെ ‘തയ്യൽ ടീച്ചർ’ എന്ന് പരിഹസിക്കുന്ന ചില അസൂയകാരെപ്പോലുള്ളവരാണ് കോടതി വരാന്ത കയറാത്ത കേസില്ലാ വക്കീലെന്നൊക്കെ അനിയനേയും പരിഹസിക്കുന്നത്. കാര്യമായിട്ടെടുക്കരുത്. കേസില്ലാത്തതല്ല ഒടുക്കത്തെ സത്യബോധം കാരണം കേസേൽപ്പിക്കാൻ നിത്യേന ഒഴുകി വരുന്ന നൂറുകണക്കിന് കക്ഷികളെ ഒഴിവാക്കുന്ന ധർമ്മിഷ്ഠനാണ് അനിയൻ എന്നൊക്കെ എത്ര പേർക്ക് അറിയാം? വ്യത്യസ്തനാമൊരു വക്കീലിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ലെന്നും ശ്രീമതി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ട ജയശങ്കരൻ വക്കീൽ, എന്നെ ചില വലിയ ജോലികളിലേക്കൊക്കെ ശുപാർശ ചെയ്തതായി അഭ്യുദയകാക്ഷികൾ പറഞ്ഞറിഞ്ഞു.വക്കീലിന് നന്ദി.എന്നോട് ഇത്രയും സ്‌നേഹമുള്ള വക്കീലിനെ സത്യത്തിലിതുവരെ തിരിച്ചറിഞ്ഞില്ല. ക്ഷമിക്കുമല്ലോ.എന്നെ അമേരിക്കയിലെ അംബാസിഡറാക്കാൻ ശുപാർശ ചെയ്ത ജയശങ്കരനെ അറ്റോർണി ജനറലോ സുപ്രീം കോടതി ജഡ്ജിയോ ആക്കണമെന്ന് ഒരു പ്രത്യുപകാരമെന്ന നിലയിൽ ഞാനും ശുപാർശ ചെയ്യുന്നു. കേസില്ലാ വക്കീലെന്ന് ചില കുബുദ്ധികൾ ആക്ഷേപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ‘നിയമപാണ്ഡിത്യവും പ്രാഗത്ഭ്യവും’ കണക്കിലെടുത്താൽ നേരിട്ട് ഒരു സുപ്രീം കോടതി ജഡ്ജി പദവിക്കെങ്കിലും അർഹതയുണ്ട്. കോടതിയിൽ പണിയൊന്നുമില്ലാത്തതു കൊണ്ട് എപ്പോഴും ടിവി ചാനലിലിരുന്നു ആളുകളെ പുഛിക്കുന്ന വക്കീൽ എന്ന് പ്രചരിപ്പിക്കുന്ന അസൂയക്കാരുടെ വായടപ്പിക്കാൻ അനിയൻ ഒരു ജഡ്ജിയായിക്കാണണമെന്നാണാഗ്രഹം. നെരുവമ്പറം യു. പി. സ്‌കൂൾ ഹെഡ് ടീച്ചറായി വിരമിച്ച എന്നെ ‘തയ്യൽ ടീച്ചർ’ എന്ന് പരിഹസിക്കുന്ന ചില അസൂയകാരെപ്പോലുള്ളവരാണ് കോടതി വരാന്ത കയറാത്ത കേസില്ലാ വക്കീലെന്നൊക്കെ അനിയനേയും പരിഹസിക്കുന്നത്. കാര്യമായിട്ടെടുക്കരുത്. കേസില്ലാത്തതല്ല ഒടുക്കത്തെ സത്യ ബോധം കാരണം കേസേൽപ്പിക്കാൻ നിത്യേന ഒഴുകി വരുന്ന നൂറുകണക്കിന് കക്ഷികളെ ഒഴിവാക്കുന്ന ധർമ്മിഷ്ഠനാണ് അനിയൻ എന്നൊക്കെ എത്ര പേർക്ക് അറിയാം? വ്യത്യസ്തനാമൊരു വക്കീലിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here