Advertisement

നിർദേശങ്ങൾ തള്ളി; വിവാദ മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭ പാസാക്കി

August 1, 2019
Google News 0 minutes Read

ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ല് രാജ്യസഭ പാസാക്കി. മെഡിക്കൽ കൗൺസിലിന് പകരം മെഡിക്കൽ കമ്മീഷൻ രൂപീകരിക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. മെഡിക്കൽ കമ്മീഷനിൽ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്ന ഭേദഗതിയോടെയാണ് ബില്ല് പാസാക്കിയത്. അടിസ്ഥാന യോഗ്യതയായ എംബിബിഎസ് ഇല്ലാതെ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ മുപ്പത് ശതമാനം പേർക്ക് അനുമതി ബില്ല് നിയമമാകുന്നതോടെ ലഭിക്കും. ഇത്തരം വ്യവസ്ഥകളോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് ഡോക്ടർമാർ പ്രതിഷേധിക്കുന്നതിനിടയിലാണ് ബില്ല് പാസായത്. രാജ്യസഭയിൽ ഭേദഗതി വരുത്തിയതോടെ ബില്ല് വീണ്ടും ലോക്‌സഭയുടെ പരിഗണനക്ക് വിടും.

ഭരണ പ്രതിപക്ഷത്തിന്റെ അനുമതിയോട് കൂടിയാണ് ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിൽ ഭേദഗതി വരുത്തിയത്. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ഗുലാം നബി ആസാദ് ഉൾപ്പടെയുള്ള പ്രതിപക്ഷ അംഗങ്ങൾ ബില്ലിന്മേൽ പുതിയ നിർദേശങ്ങൾ നൽകിയതിൽ ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷ വർദ്ധൻ നന്ദി പ്രകടിപ്പിച്ചു. എന്നാൽ ഡോക്ടർമാർ എതിർപ്പ് അറിയിച്ച വിവാദ വ്യവസ്ഥകൾ നിലനിർത്തിക്കൊണ്ടാണ് ബില്ല് രാജ്യസഭയിലും പാസായത്.

മെഡിക്കൽ കൗൺസലിന് പകരം വരുന്ന മെഡിക്കൽ കമ്മീഷനിലെ ഇരുപത്തിയഞ്ച് അംഗ സമിതിയിൽ 20 പേർ സർക്കാർ നിർദേശിക്കുന്നവരാകും. അടിസ്ഥാന യോഗ്യതയില്ലാത്തവർക്ക് മോഡേൺമെഡിസിൻ പ്രാക്ടീസ് ചെയ്യാം. മെഡിക്കൽ പിജി കോഴ്‌സുകളിലേക്ക് എംബിബിഎസ് അവസാന വർഷ പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം അനുവദിക്കുക, സ്വകാര്യ മെഡിക്കൽ കോളേജിലെ അൻപത് ശതമാനം കേന്ദ്ര സർക്കാർ നിയന്ത്രണത്തിലാക്കുക തുടങ്ങിയ ഭേദഗതിക്കെതിരെയാണ് പ്രധാനമായും ഡോക്ടർമാർ രംഗത്തുവന്നത്. മെഡിക്കൽ കമ്മീഷന്റെ കാലവധി രണ്ട് വർഷത്തേക്കാണ്. ഇത് പിന്നീട് സ്ഥിരം സംവിധാനമാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

എയിംസ് അടക്കമുള്ള കോളജുകളിലേക്കുള്ള പിജി പ്രവേശനത്തിന് നെക്സ്റ്റ് എന്ന പൊതു പരീക്ഷ നടത്തുക. വിദേശ രാജ്യങ്ങളിൽ എംബിബിഎസ് കഴിഞ്ഞവർ നെക്സ്റ്റ് പരീക്ഷ പാസായ ശേഷമേ പ്രാക്ടീസ് തുടങ്ങാവു തുടങ്ങിയ വ്യവസ്ഥകളും ബില്ലിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here