‘വാട്‌സ്ആപ്പിലൂടെ 1000 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുന്നു!’ കണ്ണുമടച്ച് വിശ്വസിക്കരുത്, പ്രചരിക്കുന്നത് വ്യാജവാർത്ത

സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളെ കണ്ണടച്ച് വിശ്വസിക്കുകയും അത് മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമായി ഇപ്പോഴും തുടരുകയാണ്. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം വാട്‌സ്ആപ്പിലൂടെ ഷെയർ ചെയ്ത് ലഭിച്ച സന്ദേശം നിരവധി പേരിലേക്ക് എത്തി എന്നുള്ളത്. വാട്‌സ്ആപ്പിലൂടെ 1000 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുന്നു എന്നതായിരുന്നു ആ സന്ദേശം. ഇത് എത്രത്തോളം സത്യമാണെന്നൊന്നും ആരും ചിന്തിച്ചില്ല, ആർക്കെങ്കിലുമൊക്കെ ഡാറ്റ ഫ്രീയായി കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്നുമാത്രമാണ് പലരും ചിന്തിച്ചത്. അത്തരത്തിൽ പ്രചരിച്ച സന്ദേശം തികച്ചും വ്യാജമാണ് എന്നുള്ളതാണ് സത്യം.
‘വാട്‌സ്ആപ്പ് വഴി 1000 ജിബി സൗജന്യ ഇന്റർനെന്റ് നൽകുന്നു’ എന്ന് തുടങ്ങുന്ന സന്ദേശത്തിൽ ഒരു ലിങ്കും നൽകിയിരുന്നു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒരു സർവേ പൂർത്തിയാക്കാനും ഒരു ചിത്രം വാട്‌സ്ആപ്പിൽ 30 പേർക്ക് അയച്ചുകൊടുക്കാനുമാകും ആവശ്യപ്പെടുക. ഇങ്ങനെ ചെയ്താൽ സൗജന്യ ഡാറ്റ ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഡാറ്റ ലഭിക്കില്ല എന്നു മാത്രമല്ല, അത് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുന്നതിലൂടെ നിങ്ങൾ കബളിപ്പിക്കപ്പെടുകയും ചെയ്യും.
ഇത്തരത്തിലുള്ള സന്ദേശം കണ്ട് തട്ടിപ്പിനിരയാകരുതെന്ന് സൈബർ സുരക്ഷാ സ്ഥാപനം ഇസെറ്റിലെ ഉദ്യോഗസ്ഥർ പറയുന്നു. വാട്‌സ്ആപ്പ് ആർക്കും സൗജന്യ ഡാറ്റ കൊടുക്കുന്നില്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ വെറുമൊരു ഫോർവേഡ് മെസേജിൽ അത് ഒതുങ്ങില്ലെന്നും ബന്ധപ്പെട്ടവർ നിർദേശിക്കുന്നു. ആർക്കും ഏത് നിമിഷവും ഈ സന്ദേശത്തിലെ ലിങ്ക് മാറ്റി പകരം മാൽവെയർ അടങ്ങുന്ന ലിങ്ക് നൽകി പ്രചരിപ്പിക്കാൻ സാധിക്കും. അത് നിങ്ങളുടെ പല വിവരങ്ങളും ചോർത്തുന്നതിനിടയാകുമെന്നും മുന്നറിയിപ്പുണ്ട്.
സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്ത് ലഭിക്കുന്ന സന്ദേശങ്ങൾ സത്യമാണോ വ്യാജമാണോ എന്ന് എങ്ങനെ തിരിച്ചറിയാം?
ഏതെങ്കിലും സ്ഥാപനത്തിന്റെ പേരിലാണ് സന്ദേശം ലഭിക്കുന്നതെങ്കിൽ, ആദ്യം ആ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പോയി പരിശോധിക്കുകയാണ് വേണ്ടത്. എന്തെങ്കിലും ആനുകൂല്യങ്ങൾ അവർ നൽകുന്നുണ്ടെങ്കിൽ വെബ്‌സൈറ്റിൽ തീർച്ചയായും അവർ അതേപറ്റി അറിയിപ്പ് നൽകിയിട്ടുണ്ടാകും. നമ്പർ നൽകിയിട്ടുണ്ടെങ്കിൽ അത് വിളിച്ച് സംഭവം സത്യമാണോ എന്ന കാര്യം ഉറപ്പു വരുത്താവുന്നതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here