വായുമലിനീകരണം: ഡൽഹിയിൽ യുവതിക്ക് ശ്വാസകോശാർബുദം: ആശങ്കയറിയിച്ച് ഗംഭീറും അശ്വിനും

രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം അതിഭീകരമാം വിധം അധികരിക്കുകയാണ്. ഡൽഹിയിലെ മലിന വായു ശ്വസിച്ച് ശ്വാസകോശാർബുദം ബാധിച്ച യുവതിയുടെ വാർത്ത ഈ ഭീകരതയുടെ ആഴം മനസ്സിലാക്കി നൽകുന്നുണ്ട്. മുൻ ഇന്ത്യൻ താരവും ഈസ്റ്റ് ഡൽഹി എംപിയുമായ ഗൗതം ഗംഭീറും ഇന്ത്യൻ ടെസ്റ്റ് ടീമംഗം രവിചന്ദ്രൻ അശ്വിനും വിഷയത്തിൽ ആശങ്കയറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഡൽഹിയിൽ 28കാരിയായ യുവതിക്കാണ് ശ്വാസകോശാർബുദം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അർബുദത്തിൻ്റെ നാലാം ഘട്ടത്തിലായിരുന്നു യുവതി. ഇവരോ കുടുംബാംഗങ്ങളോ പുകവലിക്കാറില്ല. എന്നിട്ടും ശ്വാസകോശത്തിൽ അർബുദം ബാധിച്ചത് എന്തു കൊണ്ടാവാമെന്ന ചോദ്യമാണ് ഡോക്ടർമാരെ ഡൽഹിയിലെ വായുവിലെത്തിച്ചത്. ഡൽഹിയിലെ വിഷമയമായ വായുവാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായി ആശുപത്രിയിലെ ഡോക്ടർ അരവിന്ദ് കുമാർ അറിയിച്ചു. ഈ വാർത്തയോടായിരുന്നു ഗംഭീറിൻ്റെയും അശ്വിൻ്റെയും പ്രതികരണം.

കണ്ണു തുറക്കൂ, ഞങ്ങളിവിടെ ശ്വാസം മുട്ടി മരിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതുവരെ അതിനൊരു പരിഹാരമില്ലെന്നും ഗംഭീർ ട്വീറ്റ് ചെയ്തപ്പോൾ അല്പം കൂടി വിശദമായ ട്വീറ്റുമായാണ് അശ്വിൻ തൻ്റെ ആശങ്ക അറിയിച്ചത്. ‘ഈ ഗ്രഹം തകർക്കപ്പെടില്ല. പക്ഷേ, മനുഷ്യന്മാർക്ക് ജീവിക്കാൻ കഴിയാത്ത ഒരിടമായി നമ്മളതിനെ മാറ്റും. മനുഷ്യൻ്റെ ഉപദ്രവം സഹിക്കാൻ കഴിയില്ലെന്ന് പ്രകൃതി വിഭവങ്ങൾ പറയുകയാണ്. നമ്മൾ കേൾക്കുന്നുണ്ടോ?’- അശ്വിൻ ട്വീറ്റിലൂടെ ചോദിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top