ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീര്‍ വാഹനാപകടത്തില്‍ മരിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച വാഹനമിടിച്ചാണ് മരണം.മ്യൂസിയത്തിന് സമീപത്തുവച്ച് അമിത വേഗത്തില്‍ വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധന റിപ്പോര്‍ട്ടില്‍ കണ്ടെത്തി. പരുക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകട സമയത്ത് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നത്. എന്നാല്‍ അപകടം നടന്ന സമയത്ത് താന്‍ ആയിരുന്നില്ല കാര്‍ ഓടിച്ചിരുന്നതെന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു. കാറില്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന സ്ത്രീ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു.

പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് പൊലീസ് കാറിലുണ്ടായിരുന്ന സ്ത്രീയെ വിളിക്കാന്‍ തയ്യാറായത്. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്നത്.

തിരൂരില്‍ സിറാജ് ദിനപത്രത്തിന്റെ പ്രാദേശിക റിപ്പോര്‍ട്ടറായി പത്രപ്രവര്‍ത്തനം ആരംഭിച്ച കെഎം ബഷീര്‍ സിറാജ് ദിനപത്രത്തിന്റെ മലപ്പുറം സ്റ്റാഫ് റിപ്പോര്‍ട്ടറായും തിരുവനന്തപുരം ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top