മാധ്യമപ്രവർത്തകന്റെ മരണം; ശക്തമായ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി കെ ടി ജലീൽ

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ ടി ജലീൽ. പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകൾ മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും ശ്രദ്ധയിൽപ്പെടുത്തി. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കൊല്ലപ്പെട്ട കെ എം ബഷീറിന്റെ ആശ്രിതർക്ക് ജോലി നൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു. ബഷീറുമായി വ്യക്തിബന്ധം ഉണ്ടായിരുന്നു. കല്ല്യാണത്തിനും വീട് കയറി താമസത്തിനും പോയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് ഇന്ന് വൈകിട്ടോടെ ഉണ്ടായേക്കും. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക. മനപൂർവമല്ലാത്ത നരഹത്യക്കും കേസെടുക്കും. വെങ്കിട്ടരാമൻ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു മരിച്ച ബഷീർ. ബഷീറിന്റെ ബൈക്കിന് പിന്നിൽ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു.
പിന്നീട് മാധ്യമ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് പൊലീസ് കാറിലുണ്ടാിരുന്ന സ്ത്രീയെ വിളിക്കാൻ തയ്യാറായത്. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരിൽ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here