മാധ്യമപ്രവർത്തകന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റു ചെയ്‌തേക്കും

തിരുവനന്തപുരത്ത് വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ അറസ്റ്റു ചെയ്‌തേക്കുമെന്ന് വിവരം. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുമാണ് ഇത്തരത്തിലൊരു വിവരം ലഭിച്ചത്. മനപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയായിരിക്കും ശ്രീറാമിനെ അറസ്റ്റു ചെയ്യുക. വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണെന്ന് കമ്മീഷണർ സഞ്ജയ് കുമാർ വ്യക്തമാക്കിയിരുന്നു.

സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് വാഹനം ഓടിച്ചത് ശ്രീറാമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ശ്രീറാമിന്റെ
രക്തസാമ്പിൾ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. ജനറൽ ഹോസ്പിറ്റലിൽ നിന്നുള്ള സംഘം ശ്രീറാം ചികിത്സയിൽ കഴിയുന്ന കിംസ് ആശുപത്രിയിൽ എത്തിയാണ് രക്തസാമ്പിൾ ശേഖരിച്ചത്. അതേസമയം, സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കും. അപകടം വരുത്തിയവരെ രക്ഷിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരേയും കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറാണ് മരിച്ചത്. ബഷീറിന്റെ ബൈക്കിന് പിന്നിൽ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു.

പിന്നീട് മാധ്യമ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് പൊലീസ് കാറിലുണ്ടാിരുന്ന സ്ത്രീയെ വിളിക്കാൻ തയ്യാറായത്. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരിൽ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ചിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top