ശ്രീചിത്രയിൽ ക്യാൻസറിനുള്ള മരുന്ന് കണ്ടുപിടിച്ചു; ഉപയോഗത്തിൽ വന്നെന്ന പ്രചാരണം വ്യാജം

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്യാൻസറിനുള്ള മരുന്ന് കണ്ടെത്തിയിരുന്നു. മാർച്ചിലാണ് മരുന്ന് വികസിപ്പിച്ചത്. തുടർന്ന് മെയ് മാസം മുതൽക്ക് ഈ മരുന്ന് ഉപയോഗയോഗ്യമായി എന്ന പോസ്റ്റുകൾ ഫേസ്ബുക്കിലൂടെ പ്രചരിക്കാൻ തുടങ്ങി. ശ്രീചിത്രയുടെ നേട്ടം പ്രതിപാദിക്കുന്ന ഒരു പോസ്റ്ററോടൊപ്പമായിരുന്നു പോസ്റ്റ്. രോഗികൾക്കും കുടുംബങ്ങൾക്കും സന്തോഷമാകുമെന്നും പോസ്റ്റ് പങ്കു വെക്കണമെന്നുമുള്ള കുറുപ്പും ചിത്രത്തോടൊപ്പം പ്രചരിച്ചു.

എന്നാൽ സത്യം അതല്ല. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ക്യാൻസറിനുള്ള മരുന്ന് വികസിപ്പിച്ചു എന്നത് ഭാഗികമായി സത്യമാണ്. ഞരമ്പിൽ നേരിട്ടു കുത്തിവയ്ക്കാവുന്ന മരുന്ന് എലികൾ ഉൾപ്പെടെ മൃഗങ്ങളിൽ പരീക്ഷിച്ചു വിജയിച്ചു. പക്ഷേ, അത് മനുഷ്യരിൽ പരീക്ഷിക്കാൻ ഇനിയും വർഷങ്ങൾ കഴിയണം. തന്നെയുമല്ല, തത്വത്തിൽ മരുന്ന് എന്നു വിളിക്കാമെങ്കിലും പരമ്പരാഗതമായി ‘മരുന്ന്’ എന്ന സങ്കല്പത്തിൽ ഈ കണ്ടുപിടുത്തത്തെ നിർവചിക്കാനും കഴിയില്ല.

ശ്രീചിത്രയിലെ പിആർഒ തന്നെ ഇക്കാര്യത്തിൽ ഇപ്രകാരം പ്രതിപാദിക്കുന്നു: “പോസ്റ്റിൽ പറയുന്നത് പൂർണ്ണമായും ശരിയല്ല. മഞ്ഞൾ ചെടിയിൽ നിന്നുമുള്ള ഒരു രാസവസ്തു ഹ്യൂമൻ ആൽബുമിനുമായി ചേർന്ന് വെള്ളത്തിൽ അലിയുന്ന ഒരു ടെക്‌നോളജിയാണ് യഥാർത്ഥത്തിൽ വികസിപ്പിച്ചിട്ടുള്ളത്. ഒരു മരുന്ന് എന്നതിനേക്കാൾ ഒരു സാങ്കേതികതയാണത്. വെള്ളത്തിൽ അലിയുമായിരുന്നില്ല എന്നതിനാലാണ് കാൻസർ മരുന്നുകൾ രക്തത്തിലേക്ക് നേരിട്ട് കുത്തിവെയ്ക്കാൻ കഴിയാതിരുന്നത്. ഇപ്പോൾ ആ ടെക്‌നോളജിയാണ് യഥാർത്ഥത്തിൽ ഞങ്ങൾ വികസിപ്പിച്ചിരിക്കുന്നത്.എന്നാൽ ഇതുവരെ പ്രായോഗികമായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. അതിന് ഇനിയും കാലതാമസമുണ്ട്. ഏതുതരം കാൻസറുകൾക്കാണ് ഉപയോഗിക്കാനാകുന്നത് എന്നതിനും പഠനങ്ങൾ വേണം. എത്രനാൾ എങ്ങനെ ചികിൽസ ആവശ്യമാണ് എന്ന കാര്യങ്ങളൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ല”

ഫലത്തിൽ ക്യാൻസറിനെതിരെ ശ്രീചിത്ര ‘മരുന്ന്’ കണ്ടുപിടിച്ചു എന്നത് സത്യമാണ്. പക്ഷേ, അത് ഉപയോഗത്തിൽ വരാൻ ഇനിയും വർഷങ്ങൾ കഴിയണം. പലതരം പരീക്ഷണങ്ങളും വികാസങ്ങളും ഉണ്ടായാൽ മാത്രമേ ഇത് ഉപയോഗിക്കാൻ സാധിക്കൂ. ഏതൊക്കെ അർബുദ വിഭാഗങ്ങളിലാണ് ഇത് പരീക്ഷിക്കാൻ കഴിയുക എന്നതും ഇപ്പോൾ ധാരണയില്ല.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top