ട്രെയിനിൽ മോഷണം തടയാൻ ശ്രമിച്ച അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

ട്രെയിനിൽ മോഷണം തടയാൻ ശ്രമിച്ച അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ മീന ദേവി (45), മനിഷ (21) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയാണ് മോഷണ ശ്രമം നടന്നത്. ഈ സമയം മീനാക്ഷി ദേവിയും മകളും ഉറക്കത്തിലായിരുന്നു. വൃന്ദാവൻ റോഡ് സ്‌റ്റേഷന് സമീപം ട്രെയിൻ എത്തിയപ്പോൾ മോഷ്ടാവ് ചെയിൻ വലിച്ചു. മീനാക്ഷി ദേവി ഉണർന്നു നോക്കുമ്പോൾ ബാഗ് കണ്ടില്ല. ഇതിനിടെ ബാഗുമായി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു കള്ളൻ. ട്രെയിന്റെ വേഗത കുറഞ്ഞതോടെ കള്ളൻ പുറത്തേക്ക് ചാടി. പിന്നാലെ ചാടിയ മീനാക്ഷി ദേവി ട്രാക്കിനിടയിൽ പെടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ മനിഷയും അമ്മയ്‌ക്കൊപ്പം ചാടി. ഗുരുതരമായി പരിക്കേറ്റ മനിഷ ആശുപത്രിയിലാണ് മരിച്ചത്.

മീനാക്ഷി ദേവി തൽക്ഷണം മരിച്ചതായി ആഗ്ര എസ്പി ജോഗേന്ദർ കുമാർ പറഞ്ഞു. ഇരുവരുടേയും മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചതായും എസ്പി പറഞ്ഞു. ട്രെയിൻ കയറിയാണോ ട്രാക്കിൽ വീണാണോ മീനാക്ഷി ദേവി മരിച്ചതെന്ന് വ്യക്തമല്ല. അപകടം നടക്കുന്ന സമയം സംപാർക് ക്രാന്തി എക്‌സ്പ്രസ് അതിലൂടെ കടന്നു പോയതായും എസ്പി കൂട്ടിച്ചേർത്തു.

മീനാക്ഷി ദേവിയുടെ മകൻ ആകാശും (19) ട്രെയിനിൽ ഉണ്ടായിരുന്നു. അപകടം നടക്കുമ്പോൾ ഉറക്കത്തിലായിരുന്ന ആകാശ് യാത്രക്കാർ പറഞ്ഞാണ് അപകട വിവരം അറിഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top