കാശ്മീരിലെ പ്രധാന നേതാക്കള്‍ എവിടെയെന്ന ചോദ്യവുമായി പ്രതിപക്ഷം ലോക്‌സഭയില്‍

കാശ്മീരിലെ പ്രധാന നേതാക്കള്‍ എവിടെയെന്ന ചോദ്യവുമായി പ്രതിപക്ഷം ലോക്‌സഭയില്‍. ജമ്മു കശ്മീരില്‍ നിന്നുള്ള എംപിയും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയെ കാണാനില്ലെന്ന് പ്രതിപക്ഷം പരാതിപ്പെട്ടു. ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലില്‍ ആക്കിയിട്ടില്ലെന്നായിരുന്നു കേന്ദ്രമന്ത്രി അമിത് ഷായുടെ മറുപടി. എന്നാല്‍, അപ്രഖ്യാപിത വീട്ടുതടങ്കലിലാണെന്ന് ഫറൂഖ് അബ്ദുള്ള തിരിച്ചടിച്ചു. പ്രത്യേക പദവി എടുത്തുകളഞ്ഞ ഒരു ദിവസം പിന്നിടുമ്പോഴും കശ്മീര്‍ ശാന്തമാണ്.
ഫറൂഖ് അബ്ദുള്ള സ്വന്തം വീട്ടില്‍ തന്നെയുണ്ടെന്നും അദ്ദേഹത്തെ നിര്‍ബന്ധിച്ചു പാര്‍ലമെന്റില്‍ എത്തിക്കാന്‍ കഴിയില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ ചോദ്യത്തിനുള്ള അമിത് ഷായുടെ മറുപടി. അമിത് ഷാ പാര്‍ലമെന്റില്‍ കള്ളം പറഞ്ഞുവെന്ന് ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു. താന്‍ വീട്ടുതടങ്കലിലാണ്. സന്ദര്‍ശകരെ കാണാന്‍ അനുവദിക്കുന്നില്ല. മകന്‍ ഒമര്‍ അബ്ദുള്ളയും വീട്ടുതടങ്കലിലാണ്. കൊല്ലുകയാണ് അവരുടെ ഉദ്യേശമെന്നും ഫറൂഖ് അബ്ദുള്ള ആരോപിച്ചു.
മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ ശ്രീനഗറിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ തടങ്കലിലാക്കി. നേതാക്കളെ മോചിപ്പിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. അതേസമയം, താഴ്വരയില്‍ കര്‍ഫ്യു തുടരുകയാണ്. ഒരു അക്രമസംഭവം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here