പിഎസ്സി പരീക്ഷാ ക്രമക്കേട്; ചുമതലയിലുണ്ടായിരുന്ന അധ്യാപകർക്കും പങ്കുണ്ടെന്ന് സൂചന

പിഎസ്സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേടിൽ പരീക്ഷാ ചുമതലയിലുണ്ടായിരുന്ന അധ്യാപകർക്കും പങ്കുള്ളതായി സൂചന. പരീക്ഷയെഴുതാനെത്തിയവർക്ക് മൊബൈൽ ഫോൺ പരീക്ഷാ കേന്ദ്രത്തിനുള്ളിൽ കയറ്റാൻ അനുമതി നൽകിയത് ഇവരാണെന്നാണ് സംശയം. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നും രണ്ടും റാങ്ക് നേടിയ ശിവ രഞ്ജിത്തിന്റേയും പ്രണവിന്റേയും ഫോണിൽ പരീക്ഷാ സമയത്ത് 90 എസ്എംഎസുകൾ വന്നിരുന്നതായി സൈബർ സെൽ നേരത്തെ കണ്ടെത്തിയിരുന്നു.
Read Also; പിഎസ്സി പരീക്ഷയിൽ ക്രമക്കേട്; എസ്എഫ്ഐ നേതാവ് പ്രണവ് ഒളിവിൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ നേതാക്കളും പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകൻ അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയാണ് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത്. രണ്ടാം പ്രതി നസീം 28ാം റാങ്കുകാരനുമാണ്. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തോടെയാണ് പിഎസ്സി റാങ്ക് പട്ടികയെപ്പറ്റി വ്യാപകമായ ആക്ഷേപമുയർന്നത്.
Read Also; പിഎസ്സിയെ തകർക്കാൻ നടക്കുന്ന ഗൂഢ നീക്കം അനുവദിക്കില്ല: ഡിവൈഎഫ്ഐ
ആദ്യം പിഎസ്സി ആരോപണങ്ങൾ നിഷേധിച്ചിരുന്നെങ്കിലും പ്രതികളുടെ ഫോണിലേക്ക് പരീക്ഷാ സമയത്ത് സന്ദേശങ്ങളെത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികളെ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താക്കിയിരുന്നു. ഇവരെ പിഎസ്സി പരീക്ഷകൾ എഴുതുന്നതിൽ നിന്ന് സ്ഥിരമായി വിലക്കിയിട്ടുമുണ്ട്. അതേ സമയം പിഎസ്സി പരീക്ഷാ ക്രമക്കേടിനെപ്പറ്റിയുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here