ലോകകപ്പിലെ പുറത്താവൽ; മിക്കി ആർതർ ഉൾപ്പെടെ പരിശീലകരെയും സപ്പോർട്ടിംഗ് സ്റ്റാഫിനെയും പുറത്താക്കി പാക്കിസ്ഥാൻ

ലോകകപ്പിലെ പുറത്താവലിൻ്റെ ഉത്തരവാദിത്തം പരിശീലകരുടെയും സപ്പോർട്ടിംഗ് സ്റ്റാഫുകളുടെയും മേൽ ആരോപിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇതിൻ്റെ പശ്ചാത്തലത്തിൽ മുഖ്യ പരിശീലകൻ മിക്കി ആർതർ ഉൾപ്പെടെ പരിശീലകരുടെയും സപ്പോർട്ടിംഗ് സ്റ്റാഫുകളുടെയും കരാർ പുതുക്കേണ്ടെന്ന് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്.

മിക്കി ആർതറിനൊപ്പം ബാറ്റിംഗ് കോച്ച് ഗ്രാൻഡ് ഫ്ലവർ, ബൗളിംഗ് കോച്ച് അസ്‌ഹർ മഹ്മൂദ്, ട്രെയിനർ ഗ്രാൻഡ് ലൂഡൻ എന്നിവരുടെ തലകളാണ് ഉരുണ്ടത്. ഓഗസ്റ്റ് 2ൽ നടന്ന റിവ്യൂ മീറ്റിംഗിലായിരുന്നു തീരുമാനം. എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ഭാവിയിലെ എല്ലാ പ്രവത്തനങ്ങൾക്കും അവർക്ക് ആശംസകൾ അറിയിക്കുന്നുവെന്നും പിസിബി ചെയർമാൻ എഹ്സാൻ മാനി പറഞ്ഞു.

2016ലാണ് മിക്കി പാക്ക് പരിശീലകനായി എത്തുന്നത്. മിക്കിയുടെ കീഴിൽ ലോകത്തിലെ ഒന്നാം നമ്പർ ടി-20 ടീമായ പാക്കിസ്ഥാൻ 2017 ചാമ്പ്യൻസ് ട്രോഫിയും നേടി. ഇന്ത്യയെ പരാജയപ്പെടുത്തി പാക്ക് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ട്രോഫിയാണ് അവർ നേടിയത്. ഈ ലോകകപ്പിൽ ആദ്യം തുടർച്ചയായി തോൽവികൾ നേരിടേണ്ടി വന്ന പാക്കിസ്ഥാൻ അവസാന മത്സരങ്ങൾ വിജയിച്ചെങ്കിലും നെറ്റ് റൺ റേറ്റ് അവർക്ക് തിരിച്ചടിയായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top