Advertisement

‘പൊലീസിന്റെ ചുമതല തെളിവ് ശേഖരിക്കലാണ്’; ശ്രീറാം കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

August 7, 2019
Google News 1 minute Read

മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ തെളിവ് ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയതിന് പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അപകടം ഉണ്ടായാൽ ഇങ്ങനെയാണോ തെളിവ് ശേഖരിക്കുകയെന്ന്  ആരാഞ്ഞ കോടതി തെളിവ് അയാൾ കൊണ്ടുവന്ന് തരുമെന്ന് കരുതിയോ എന്നും പൊലീസിനോട് ചോദിച്ചു. രക്തസാമ്പിൾ എടുക്കാൻ കേവലം ഒരു മിനിറ്റ് മതിയായിരുന്നല്ലോയെന്നും വൈദ്യ പരിശോധന നടത്തി തെളിവ് ശേഖരിക്കാത്തത്‌ ന്യായീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Read Also; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു

എന്ത് കൊണ്ട് സർക്കാർ ആശുപത്രിയിൽ പോയില്ല, ഗവർണർ അടക്കമുള്ളവർ സഞ്ചരിക്കുന്ന കവടിയാറിൽ സിസിടിവി ഇല്ലേ തുടങ്ങിയ ചോദ്യങ്ങളും കോടതിയിൽ നിന്നുണ്ടായി. ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ പരാമർശങ്ങൾ.അതേസമയം കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രം ആണെന്നിരിക്കെ ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

Read Also; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത് പൊലീസിന്റെ കള്ളക്കളിയെന്ന് ചെന്നിത്തല

കേസിൽ ശ്രീറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും തെളിവ് നശിപ്പിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ബോധപൂർവ്വം ശ്രമിച്ചെന്നും സർക്കാർ വാദിച്ചു. മദ്യപരിശോധന ഒഴിവാക്കാൻ ബോധപൂർവ്വം ഇടപെടൽ നടത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് അറിയാതെ കിംസ് ആശുപത്രിയിൽ പോയി ചികിത്സതേടി തുടങ്ങിയ കുറ്റങ്ങളും ശ്രീറാമിന് മേൽ സർക്കാർ ആരോപിച്ചു. എന്നാൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യമനുവദിച്ചത് അടിയന്തരമായി സ്റ്റേ ചെയ്യാനാകില്ലെന്ന് നിലപാടെടുത്ത കോടതി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here