കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ച നടപടി; അമല പോളിനെ അൺഫോളോ ചെയ്യേണ്ട സമയമായെന്ന് ആരാധകർ

കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച നടി അമല പോളിനെതിരെ ആരാധകരുടെ വിമർശനം. ആർട്ടിക്കിൽ 370 റദ്ദാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് അമല പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയും കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ചും രംഗത്തെത്തിയത്. അമലയെ അൺഫോളോ ചെയ്യേണ്ട സമയമായെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. ഇത്തരത്തിൽ നിരവധി പേർ അമലയുടെ നിലപാടിയെ കുറ്റപ്പെടുത്തി രംഗത്തെത്തി.

കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തിരുന്നു. ഇത് പങ്കുവെച്ചാണ് അമല പോൾ കേന്ദ്രസർക്കാർ നടപടിയെ അനുകൂലിച്ച് രംഗത്തെത്തിയത്. ഏറെ അനിവാര്യമായതും ആരോഗ്യകരവും പ്രതീക്ഷ നൽകുന്നതുമായ മാറ്റമാണിതെന്ന് അമല ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. കശ്മീരിലെ ജനങ്ങൾക്ക് മികച്ച വിദ്യാഭ്യാസവും സമാധാനവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മുകശ്മീരിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. വികസനം സാധ്യമാകും. ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നത് എളുപ്പമല്ല. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ ചങ്കൂറ്റമുള്ള ഒരു നേതാവിനെ അത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ എന്നും പോസ്റ്റിൽ പറയുന്നു. സമാധാനത്തിനായുള്ള ദിനങ്ങൾക്കായി പ്രാർത്ഥിക്കുന്നുവെന്നും അമല പറയുന്നു.


അമലയുടെ നിലപാടായിട്ടാണ് ആരാധകർ ഇതിനെ വിലയിരുത്തുന്നത്. അമലയെ അൺഫോളോ ചെയ്യാനുള്ള സമയമാണിതെന്ന് ഒരാൾ കമന്റ് ചെയ്തു. ഇത്തരത്തിലൊരു കാരണം കൊണ്ട് അമല പോളിനെ ആദ്യമായി വെറുക്കുകയാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ആർട്ടിക്കിൾ 370 സംബന്ധിച്ച ജമ്മു കശ്മീരിന്റെ ചരിത്രം മനസിലാക്കിയിട്ട് അമല പോൾ സംസാരിക്കാനായിരുന്നു മറ്റൊരാൾ പറഞ്ഞത്.

ജമ്മു കശ്മീർ എന്ന സംസ്ഥാനം ജമ്മു-കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറ്റിക്കൊണ്ടാണ് ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയത്. അസാധാരണ നീക്കത്തിലൂടെയാണ് കശ്മീരിന്റെ പ്രത്യേകപദവി കേന്ദ്രസർക്കാർ നീക്കം ചെയ്തത്. ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാന പദവി നൽകുന്നതായിരുന്നു ഭരണഘടനയിലെ 370-ാം വകുപ്പ്. ഇതിനെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More