പ്രാർത്ഥനയിൽ വയനാട്ടിലെ ജനങ്ങൾ; സന്ദർശനത്തിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി

കനത്തമഴ മൂലം ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങളാണ് തന്റെ ചിന്തയിലും പ്രാർത്ഥനയിലുമെന്ന് രാഹുൽ ഗാന്ധി എംപി. അവിടെ സന്ദർശിക്കുന്നതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. തന്റെ സാന്നിദ്ധ്യം രക്ഷാപ്രവർത്തനത്തിന് തടസമാകുമെന്നാണ് പറയുന്നത്. അനുമതി ലഭിച്ചാൽ വയനാട്ടിലെത്തുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.


കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കളക്ടർമാരുമായി രക്ഷാപ്രവർത്തനത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തിലെ നാട്ടുകാരോടും കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും സർക്കാർ ഇതര സംഘടനകളോടും വയനാട്ടിൽ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ട എല്ലാ സഹായങ്ങളും നൽകണമെന്ന് അപേക്ഷിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി സംസ്ഥാന സർക്കാർ പുനരിധിവാസ പാക്കേജ് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.


വയനാട് മുട്ടിലിൽ ഉരുൾപൊട്ടലിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കുട്ടമംഗലം പഴശ്ശി കോളനിയിലെ മഹേഷ് (23), ഭാര്യ പ്രീതു (19) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഉരുൾപൊട്ടലുണ്ടായപ്പോൾ ഇരുവരും വീടിനകത്തായിരുന്നു. ഈ സമയം വീടിന് പുറത്തായിരുന്ന പ്രീതുവിന്റെ അച്ഛനും അമ്മയും ഉരുൾ പൊട്ടുന്ന ശബ്ദം കേട്ട് പുറത്തേക്കോടി. ഇവർ താഴെയെത്തി വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി ആറ് മണിയോടെയാണ് മഹേഷിനെയും പ്രീതയെയും പുറത്തെത്തിച്ചത്. ഇവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു.

അതിനിടെ സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴക്കെടുതിയിൽ എട്ട് പേരാണ് മരിച്ചത്. ഇടുക്കി ജില്ലയിൽ മാത്രം 3 പേർ മരിച്ചു. ചിന്നക്കനാലിൽ മണ്ണിടിഞ്ഞ് വീണ് ഒരു വയസുള്ള കുട്ടി മരിച്ചു. എസ്റ്റേറ്റ് തൊഴിലാളികളായ രാജശേഖരൻ- നിത്യ ദമ്പതികളുടെ മകൾ മഞ്ജുശ്രീയാണ് മരിച്ചത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് കുട്ടിയെ പുറത്ത് എടുത്തത്. മൃതദേഹം രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിലേക്ക് മാറ്റി. കാഞ്ഞാറിൽ താമസിക്കുന്ന ഒഡീഷ സ്വദേശി മധു കൃഷ്ണാനിയാണ് മരിച്ച മറ്റൊരാൾ. മറയൂരിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More