Advertisement

പത്ത് ദിവസം മാറി നിന്നു; സ്വന്തം മൊബൈൽ നമ്പറിന് മറ്റൊരവകാശി: ഒരു യമണ്ടൻ തട്ടിപ്പ് കഥ

August 9, 2019
Google News 0 minutes Read

നവീന്‍ രഘുവംശി ഇപ്പോഴും ആ ഞെട്ടലില്‍ നിന്ന് മുക്തനായിട്ടില്ല. സ്വന്തം സ്ഥലമായ ഇന്‍ഡോറില്‍ നിന്ന് പത്ത് ദിവസം ഒന്ന് മാറിനിന്നതേയുള്ളൂ. തിരിച്ചുവരുമ്പോഴേയ്ക്കും നവീന് നഷ്ടമായത് എയര്‍ടെല്ലിന്റെ ഫാന്‍സി നമ്പറാണ്. അപ്പോഴേയ്ക്കും അതിന് മറ്റൊരു അവകാശി ആയിക്കഴിഞ്ഞിരുന്നു. ലേ ലഡാക്കിലേയ്ക്കുള്ള യാത്രയ്ക്കിടെ പലപ്പോഴും നെറ്റ് വര്‍ക്കിലേയ്ക്ക് കണക്ട് ആകാതിരുന്നപ്പോള്‍ നവീന്‍ കരുതിയത് മലമുകളില്‍ റേഞ്ചില്ലാത്തതുകൊണ്ടായിരിക്കും അതെന്നാണ്. എന്നാല്‍ തിരിച്ച് ഇന്‍ഡോറിലെത്തിയപ്പോഴല്ലെ കാര്യം പിടികിട്ടിയത്. തന്റെ നമ്പര്‍ ലേലത്തില്‍ മറ്റാരോ വന്‍തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നു! ഒരു സുഹൃത്ത് വിളിച്ചുപറഞ്ഞപ്പോഴാണ് നവീന് കാര്യം പിടികിട്ടിയത്. തന്റെ നമ്പറിലേയ്ക്കുള്ള കോളെല്ലാം പോകുന്നത് ബംഗളൂരുവിലുള്ള ഏതോ ഒരു അര്‍ജുന്‍ നായിഡുവിനാണത്രെ!

ഉടന്‍ തന്നെ നവീന്‍ അര്‍ജുനെ ബന്ധപ്പെട്ടു. എയര്‍ടെല്ലിന്റെ ഒരു ഡീലറില്‍ നിന്ന് മുപ്പതിനായിരം രൂപ നല്‍കിയാണ് നമ്പര്‍ സ്വന്തമാക്കിയതെന്ന് അര്‍ജുന്‍ പറഞ്ഞപ്പോള്‍ നവീന്‍ അന്തംവിട്ടു. കാര്യം അവിടെയും തീര്‍ന്നില്ല. ഹരീഷ് ടെലികോം എന്ന ബംഗളൂരുവിലെ സ്ഥാപനം ഈ നമ്പര്‍ ബിഎസ്എന്‍എല്ലിലേയ്ക്ക് പോര്‍ട്ട് ചെയ്ത് നല്‍കാന്‍ സ്വയം സന്നദ്ധമായപ്പോള്‍ ബിഎസ്എന്‍എല്‍ നമ്പറില്ലാത്ത അര്‍ജുനാകട്ടെ അത് നിഷേധിച്ചതുമില്ല!

തനിക്കൊരു ഫാന്‍സി നമ്പര്‍ വേണമെന്ന് തോന്നിയപ്പോള്‍ അര്‍ജുന്‍ ഹരീഷ് ടെലികോമിനെ സമീപിച്ചു. അവര്‍ അത് നല്‍കാമെന്നേറ്റു. അതല്ലാതെ ഈ നമ്പറിന്റെ ചരിത്രമൊന്നും അര്‍ജുന് അറിയില്ലായിരുന്നു. എന്തായാലും ഇന്‍ഡോറുള്ള നവീനും ബംഗളൂരുവിലുള്ള അര്‍ജുനും ഇപ്പോള്‍ പൊതുവായി അറിയാവുന്ന ഒരു കാര്യം അവര്‍ വഞ്ചിക്കപ്പെട്ടു എന്ന് മാത്രമാണ്. തട്ടിപ്പിന്റെ പുതുപുതുവഴികള്‍!

കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി നവീന്‍ ഉപയോഗിക്കുന്ന നമ്പറാണ് വന്‍തുകയ്ക്ക് ഒരൊറ്റ ദിവസം കൊണ്ട് മറ്റൊരു ഉപഭോക്താവിന് വിറ്റത്. അതും അയാളറിയാതെ! തട്ടിപ്പ് മനസിലാക്കിയ നവീന്‍ ഇന്‍ഡോറിലെ എയര്‍ടെല്ലിന്റെ ഓഫീസില്‍ പലതവണ കയറിയിറങ്ങിയെങ്കിലും അവര്‍ക്ക് ഒരൊറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ. നമ്പര്‍ അവരുടെ ഡാറ്റാബേസില്‍ ഇല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ അവര്‍ക്കൊന്നും ചെയ്യാനില്ല. അര്‍ജുന്‍ നമ്പര്‍ ബിഎസ്എന്‍എല്ലിലേയ്ക്ക് പോര്‍ട്ട് ചെയ്തതോടെയാണ് നമ്പര്‍ എയര്‍ടെല്ലിന്റെ ഡാറ്റാബേസില്‍ ഇല്ലാതായത്.

പൊലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമൊന്നും ഉണ്ടാകാതിരുന്നപ്പോള്‍ നവീന്‍ എഡിജിപി വരുണ്‍കുമാറിനെ പോയി കണ്ടു. വരുണിന്റെ നിര്‍ദേശപ്രകാരം നവീന്‍ ഓണ്‍ലൈന്‍ വഴി ഒരു പരാതി രജിസ്റ്റര്‍ ചെയ്തു. ഇതിന്റെ ഒരു പകര്‍പ്പ് സൈബര്‍ സെല്ലിനും നല്‍കി.

ഇതെങ്ങനെ സംഭവിച്ചു?

സിം വെച്ചുമാറാന്‍ ആവശ്യമായ രേഖകളിലെന്തെങ്കിലും(ആധാറോ ഡ്രൈവിങ് ലൈസന്‍സോ) ഫോട്ടോയോടൊപ്പം കിട്ടുന്ന തട്ടിപ്പുകാരന്‍ പുതിയ സിമ്മിനായി ഡീലറെ സമീപിക്കുന്നു. സിമ്മിന്റെ ഉടമസ്ഥന്‍ ഈ സമയത്ത് മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭ്യമില്ലാത്ത സ്ഥലത്താണെന്ന് അയാള്‍ക്ക് അറിയാമായിരിക്കാം. ഇതോടെ സിം മാറുന്ന അറിയിപ്പ് ഉടമസ്ഥന് ലഭ്യമാകില്ലെന്ന് അയാള്‍ ഉറപ്പുവരുത്തുന്നു. അതുമല്ലെങ്കില്‍ സിം മാറുന്നത് സംബന്ധിച്ച ഓപ്പറേറ്ററുടെ മെസേജ് ഉടമസ്ഥന്‍ നോക്കാതിരിക്കാനോ അവഗണിക്കാനോ സാധ്യതയുണ്ടെന്ന് ശരിയായി ഊഹിക്കുന്നു. പലരും ഇത്തരം മെസേജുകള്‍ തുറന്നുനോക്കാറില്ലെന്ന് തട്ടിപ്പ് നടത്തുന്നവര്‍ക്ക് അറിയാം. അയച്ച മെസേജിന് ഉടമസ്ഥനില്‍ നിന്ന് മറുപടിയൊന്നും ലഭിക്കാതെയാകുമ്പോള്‍ സിം മാറ്റം സ്വാഭാവികമായും സംഭവിക്കുന്നു. പുതിയ സിം ലഭിച്ച ഉടന്‍ തട്ടിപ്പുകാരന്‍ ആദ്യം ചെയ്യുന്നത് ഈ സിം മറ്റൊരു കമ്പനിയുടെ സിമ്മായി പോര്‍ട്ട് ചെയ്യുക എന്നതാണ്. ഇതോടെ സിമ്മിനെ പിന്തുടരാന്‍ കഴിയാതെവരും. ഇവിടെ അത് ബിഎസ്എന്‍എല്ലായതിന് കാരണം അതൊരു പൊതുമേഖലാ സ്ഥാപനമായതുകൊണ്ടുതന്നെ വിശദാംശങ്ങള്‍ ലഭ്യമാകുക എളുപ്പമാകില്ല എന്നതുകൊണ്ടാണ്. എത്ര പണം കൊടുത്തും ഫാന്‍സി നമ്പര്‍ വാങ്ങാന്‍ തയ്യാറായിനില്‍ക്കുന്ന ഉപഭോക്താവിന് സിം ഏത് കമ്പനിയുടേതാണെന്നത് പ്രശ്‌നമാകില്ല. കാരണം അയാള്‍ക്ക് പിന്നീട് സ്വന്തം ഇഷ്ടപ്രകാരം മറ്റേതെങ്കിലും കമ്പനികളിലേയ്ക്ക് ഈ നമ്പര്‍ പോര്‍ട്ട് ചെയ്യാവുന്നതേയുള്ളൂ.

(കടപ്പാട്: ബിസിനസ്‌ലൈന്‍)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here