ചുറ്റും എവിടെയൊക്കെ വെള്ളം കയറിയെന്നറിയാം; പ്രളയത്തിൽ നിന്ന് രക്ഷ നേടാൻ ഫ്ലഡ് മാപ്പ്

കേരളം അനുഭവിച്ച ഏറ്റവും ശക്തമായ പ്രളയത്തിന് ഒരു വർഷം തികയുമ്പോൾ വീണ്ടും ഒരു പ്രളയഭീതിയിലാണ് നമ്മൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിർത്താതെ പെയ്യുന്ന മഴയിൽ ഒട്ടേറെ നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ആകെ 32 പേർ മരണപ്പെട്ടു കഴിഞ്ഞു. പലയിടത്തും ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലിൽ പെട്ടു പോയ ആളുകളിൽ പലരെയും കണ്ടുകിട്ടിയിട്ടില്ല. സംസ്ഥാനത്തൊട്ടാകെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പലരും വീടുകളിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
ഈ കൂടുമാറ്റം പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ചും, രാത്രികാലങ്ങളിൽ എവിടെയാണ് വെള്ളം കൂടുതൽ ഉള്ളതെന്നോ എങ്ങോട്ടാണ് പോകേണ്ടതെന്നോ അറിയാതെ പലരും കുഴങ്ങുകയാണ്. വെള്ളത്തിൻ്റെ അളവും ഒഴുക്കും അളക്കാൻ കഴിയാതെ പെട്ടു പോകുന്നതും സാധാരണയാണ്. ഇതിനൊക്കെ പരിഹാരമാണ് ഫ്ലഡ് മാപ്പ്.
വെള്ളം എവിടെയൊക്കെയാണ് ഉള്ളതെന്നും ഒഴുക്കിൻ്റെ ശക്തി എങ്ങനെയാണെന്നും ഫ്ലഡ് മാപ്പിലൂടെ അറിയാൻ സാധിക്കും. അതിനനുസരിച്ച് രാത്രിയായാലും പകലായാലും സുരക്ഷിതമായി പ്രളയത്തിൽ നിന്നും രക്ഷ നേടാനും സാധിക്കും. മാപ്പെടുത്ത് ലോക്കേഷൻ സെലക്ട് ചെയ്താൽ വെള്ളമുള്ള സ്ഥലത്ത് ചുവന്ന നിറത്തിലുള്ള അടയാളപ്പെടുത്തലുകൾ കാണാം. ഇതൊഴിവാക്കി യാത്ര ചെയ്താൽ അപകടങ്ങൾ ഒഴിവാക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here