ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇരട്ട ശതകം നേടുന്ന പ്രായം കുറഞ്ഞ താരം; 17 വർഷം പഴക്കമുള്ള ഗംഭീറിന്റെ റെക്കോർഡ് തകർത്ത് ഗിൽ

17 വർഷങ്ങൾ നീണ്ട ഗൗതം ഗംഭീറിൻ്റെ റെക്കോർഡ് തകർത്ത് പഞ്ചാബ് യുവതാരം ശുഭ്മൻ ഗിൽ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇരട്ട ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് ഗിൽ തകർത്തത്. വെസ്റ്റ് ഇൻഡീസ് ടീമിനെതിരെ നടന്ന ഇന്ത്യ എ ടീമിൻ്റെ അനൗദ്യോഗിക ടെസ്റ്റിലായിരുന്നു ഗില്ലിൻ്റെ റെക്കോർഡ് പ്രകടനം.
2002ലായിരുന്നു ഗംഭീറിൻ്റെ ഇരട്ട സെഞ്ചുറി. സിംബാബ്‌വെയ്ക്കെതിരെ നടന്ന മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടുമ്പോൾ 20 വയസ്സ് മാത്രമായിരുന്നു ഗംഭീറിൻ്റെ പ്രായം. ഇതാണ് ഗിൽ തകർത്തത്. ഇന്നലെ വിൻഡീസ് എയ്ക്കെതിരെ ഡബിൾ സെഞ്ചുറി നേടിയ ഗിൽ 19 വയസ്സുകാരനാണ്.
വിൻഡീസിനെതിരായ മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിലാണ് ഗിൽ ഇരട്ട ശതകം കുറിച്ചത്. 250 ബോളില്‍ നിന്നാണ് 19 കാരനായ താരം 204 റണ്‍സെടുത്തത് ഇതില്‍ 19 ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നു.
ഗില്ലിൻ്റെ ഇരട്ട സെഞ്ചുറിയും ക്യാപ്റ്റൻ ഹനുമ വിഹാരിയുടെ ഇരട്ട സെഞ്ചുറിയും തുണയായപ്പോൾ ഇന്ത്യ എ രണ്ടാം ഇന്നിംഗ്സിൽ 373 റണ്‍സെടുത്തു. 373 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് എ അവസാനം വിവരം ലഭിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 37 റണ്‍സ് എന്ന നിലയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here