Advertisement

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; പൊലീസിന്റെ വീഴ്ച അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

August 9, 2019
0 minutes Read

ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ എം ബി ബഷീർ കൊല്ലപ്പെട്ട കേസിൽ പൊലീസിന് ഹൈക്കോടതിയുടെ വിമർശനം. പൊലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വണ്ടിയുടെ സ്പീഡ് എത്ര ആയിരുന്നു എന്നുള്ള റിപ്പോർട്ട് എന്ന് കിട്ടുമെന്ന് ചോദിച്ച കോടതി ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ചൊവ്വാഴ്ചത്തേക്ക് വിധി പറയാൻ മാറ്റി.

അപകടമുണ്ടാക്കിയ വാഹനം പുതിയ മോഡൽ ആണെന്നും അതിൽ ചിലപ്പോൾ റിക്കാർഡർ കാണുമെന്നും സ്റ്റേറ്റ് അറ്റോർണി വിലയിരുത്തി. കേസിൽ തെളിവുകൾ ഇനിയും ലഭിക്കേണ്ടതുണ്ടെന്നും സ്റ്റേറ്റ് അറ്റോർണി കോടതിയിൽ വ്യക്തമാക്കി.

അതേസമയം, മദ്യപിച്ചല്ല കാർ ഓടിച്ചതെന്നു ശ്രീറാം വെങ്കിട്ടരാമൻ ഹൈക്കോടതിയിൽ പറഞ്ഞു. രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ ആയിട്ടില്ല. കസ്റ്റഡിയിൽ ചോദ്യം ചെയ്യണ്ട സാഹചര്യം നിലനിൽക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. ജാമ്യം റദ്ദാക്കുന്നത് അത്യപൂർവ സാഹചര്യം ഉള്ളപ്പോൾ മാത്രമാണെന്നും ശ്രീറാം ഹൈക്കോടതിയിൽ പറഞ്ഞു.

തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും ശ്രീറാം കോടതിയിൽ പറഞ്ഞു. കാറിന്റെ ഇടത് ഭാഗമാണ് തകർന്നത്. കൂടെ സഞ്ചരിച്ച യാത്രക്കാരിക്ക് പരിക്കും സംഭവിച്ചില്ല. ഇത് എങ്ങനെയെന്ന് പൊലീസ് പരിശോധിക്കണമെന്നും ശ്രീറാം കോടതിയിൽ ആവശ്യപ്പെട്ടു. വണ്ടി ഓടിച്ചത് ശ്രീറാം അല്ല എന്നാണോ പറയുന്നതെന്ന് ചോദിച്ച കോടതിയോട് അത് അന്വേഷണ സംഘം വ്യക്തമാക്കട്ടെ എന്ന് ശ്രീറാം മറുപടി നൽകി.

അതിനിടെ ശ്രീറാം കാർ ഓടിച്ചത് അമിത വേഗത്തിലാണെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. മദ്യപിച്ചില്ലെങ്കിലും നരഹത്യ വകുപ്പ് നിലനിൽക്കും എന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. അപകടം ഉണ്ടാകാൻ സാധ്യത ഉള്ള കാര്യം അയാൾക്ക് അറിയാമായിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top