കളിയിൽ തുടങ്ങി സിനിമയിലേക്ക് നീളുന്ന ഉപരോധം; പാക്കിസ്ഥാൻ സിനിമകളെയും സിനിമാതാരങ്ങളെയും വിലക്കണമെന്ന് സിനി വർക്കേഴ്സ് അസോസിയേഷൻ

പാക്കിസ്ഥാൻ സിനിമകളെയും സിനിമാതാരങ്ങളെയും വിലക്കണമെന്ന് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ. ഇന്ത്യൻ സിനിമകളുടെ പ്രദർശനം പാക്കിസ്ഥാൻ നിരോധിച്ചതിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്കയച്ച കത്തിലാണ് സിനി വർക്കേഴ്സ് അസോസിയേഷൻ്റെ ആവശ്യം. പാക്കിസ്ഥാൻ സിനിമകളെയും താരങ്ങളെയും നിരോധിക്കുകയും രാജ്യത്തെ കലാകാരന്മാർ പരസ്പരം പ്രവർത്തിക്കുന്നത് തടയുകയും ചെയ്യണമെന്നതാണ് കത്തിലെ ആവശ്യം.
സിനി വർക്കേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് സുരേഷ് ശ്യാംലാൽ ഗുപ്തയാണ് കത്തയച്ചിരിക്കുന്നത്. കശ്മീർ വിഭജിച്ച് പ്രത്യേകാധികാരം റദ്ദു ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ കശ്മീരികളെ പ്രകോപിപ്പിച്ച് പാക്കിസ്ഥാൻ മനപൂർവ്വം കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കത്തിൽ ആരോപിക്കുന്നു. ഇത്തരത്തിൽ ധീരമായ ഒരു തീരുമാനമെടുത്ത ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭിനന്ദിക്കുന്നു.- കത്തിൽ പറയുന്നു.
ഇന്ത്യൻ സിനിമകളുടെ പ്രദർശനം പാക്കിസ്ഥാൻ നിരോധിച്ചതിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ അഭിനേതാക്കൾ, സംഗീതജ്ഞർ എന്നിങ്ങനെ പാക്ക് സിനിമയുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട എല്ലാവരെയും നിരോധിക്കണം. പൂർണ്ണമായ പാക്കിസ്ഥാൻ നിരോധനമാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്നും കത്തിലൂടെ സിനി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here