വയനാട് പുത്തുമലയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഒൻപതായി

വയനാട് മേപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടലിൽപെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം ഒൻപതായി. ഇന്നലെ ഒരു കുഞ്ഞിന്റെ ഉൾപ്പെടെ എട്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. മേപ്പാടിയിൽ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മേപ്പാടിയിൽ റോഡിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് രക്ഷാപ്രവർത്തകർക്ക് ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് എത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ഉരുൾപൊട്ടിയ ഭാഗത്ത് നാലാൾ പൊക്കത്തിലാണ് മണ്ണ് അടിഞ്ഞുകൂടിയിരിക്കുന്നത്. മണ്ണിനടിയിൽ കുടുങ്ങി മരിച്ചവരുടെ മൃതദേഹങ്ങൾ വളരെ കഷ്ടപ്പെട്ടാണ് പുറത്തെടുക്കുന്നത്. ഇത് സ്ഥലത്തു നിന്നും മാറ്റുന്നതും ഏറെ പ്രയാസപെട്ടാണ്. ഉരുൾപൊട്ടൽ നടന്ന വഴിയിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്. കഴിഞ്ഞ ദിവസം പ്രദേശത്ത് നിന്ന് വീണ്ടെടുത്ത മൃതദേഹങ്ങൾ പോലും ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. വെള്ളപ്പാച്ചിലിന് കുറുകെ വലിയ വടം വലിച്ചു കെട്ടി ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ പുറത്തേക്ക് കൊണ്ടുപോയത്.
അതേസമയം, വയനാട്ടിലേക്ക് വേണമെങ്കിൽ കൂടുതൽ സേനയെ ആവശ്യപ്പെടുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസമായിട്ടുണ്ടെന്നും യു വി ജോസ് ഐഎസ് വയനാട്ടിലെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പുത്തുമലയിൽ എത്ര പേർ കുടുങ്ങി കിടക്കുന്നു എന്നത് ഇപ്പോഴും വ്യക്തമല്ല. ആർക്കും ഇതിനെ പറ്റി അറിയില്ല. പ്രാദേശിക രക്ഷാപ്രവർത്തകരെ കൂടുതലായി ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here