അറഫാ സംഗമം അവസാനിച്ചു

അറഫാ സംഗമം അവസാനിച്ചു. അറഫാ സംഗമത്തിനിടെ അറഫയില്‍ ശക്തമായ മഴ ലഭിച്ചു. ഹജ്ജ് തീര്‍ഥാടകര്‍ അറഫയില്‍ നിന്നും മുസ്ദലിഫയിലേക്ക് നീങ്ങിതുടങ്ങി. നാളെ രാവിലെ തീര്‍ഥാടകര്‍ മിനായില്‍ തിരിച്ചെത്തും.
മനസും ശരീരവും അല്ലാഹുവിന് സമര്‍പ്പിച്ച് ഒരു പകല്‍ മുഴുവന്‍ പ്രാര്‍ഥനകളും മറ്റു ആരാധനാ കര്‍മങ്ങളുമായി രണ്ടര ദശലക്ഷത്തോളം തീര്‍ഥാടകര്‍ അറഫയില്‍ സംഗമിച്ചു. ഉച്ചയ്ക്ക് ശേഷം അറഫയില്‍ ഇടിയോടു കൂടി ശക്തമായ മഴ ലഭിച്ചു. പല ടെന്ടുകളിലും വെള്ളം കയറി. ഇതിനെ വകവെക്കാതെ തീര്‍ഥാടകര്‍ പാപമോചന പ്രാര്‍ഥനകളില്‍ മുഴുകി. മഴയുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ സിവില്‍ ഡിഫന്‍സ് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. നവജാത ശിശുവിനെ പോലെ പാപമുക്തി നേടിയ തീര്‍ഥാടകര്‍ സൂര്യന്‍ അസ്തമിച്ചതോടെ മുസ്ദലിഫയിലേക്ക് തിരിച്ചു. അറഫയില്‍ നിന്നും നടന്നും ബസുകളിലും ട്രെയിനിലുമായാണ് പതിമൂന്ന് കിലോമീറ്റര്‍ അകലെയുള്ള മുസ്ദലിഫയിലേക്ക് തീര്‍ഥാടകര്‍ നീങ്ങുന്നത്.
ഇന്ന് രാത്രി മുസ്ദലിഫയിലെ തുറന്ന മൈതാനത്ത് കഴിയുന്ന ഹാജിമാര്‍ മിനായിലെ ജമ്രകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിക്കും. നാല് ദിവസത്തെ കല്ലേറ് കര്‍മത്തിനായി എഴുപത് വരെ കല്ലുകള്‍ ആണ് മുസ്ദലിഫയില്‍ നിന്നും ശേഖരിക്കുന്നത്. നാളെ രാവിലെ മിനായില്‍ തിരിച്ചെത്തുന്ന ഹാജിമാര്‍ ജമ്രകളില്‍ കല്ലേറ് കര്‍മം ആരംഭിക്കും. ഹജ്ജ് തീര്‍ഥാടകരെ സംബന്ധിച്ചിടത്തോളം ഏറ്റവും തിരക്കേറിയ ദിവസമാണ് നാളെ. കല്ലേറ് കര്‍മം, മക്കയില്‍ കഅബയെ തവാഫ് ചെയ്യല്‍, ബലി നല്‍കല്‍, മുടിയെടുക്കല്‍ തുടങ്ങിയവയെല്ലാം നാളെയാണ് നിര്‍വഹിക്കുന്നത്. ഇന്ന് രാവിലത്തെ കണക്കനുസരിച്ച് 24,87,160 തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജിനെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here