Advertisement

രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും; പ്രളയബാധിത മേഖലകൾ സന്ദർശിക്കും

August 10, 2019
Google News 0 minutes Read

രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. നാളെ വൈകീട്ട് മൂന്ന് മണിയോടെ കോഴിക്കോട് എത്തുന്ന രാഹുൽ ഗാന്ധി വയനാട്, മലപ്പുറം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കനത്തമഴ ഏറ്റവും അധികം ബാധിച്ചത് വയനാട് മലപ്പുറം ജില്ലകളെയാണ്.

വയനാട്ടിൽ വലിയ ദുരന്തമുണ്ടായിട്ടും രാഹുൽ ഗാന്ധി എത്താത്തത് വലിയ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇടയാക്കിയിരുന്നു. വയനാട് സന്ദർശിക്കാനുള്ള സന്നദ്ധത രാഹുൽ അറിയിച്ചിരുന്നെങ്കിലും സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ രാഹുലിന്റെ സന്ദർശനത്തിന് അനുമതി നൽകിയില്ല. രാഹുൽ സന്ദർശനത്തിനെത്തുന്ന കാര്യം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് മാധ്യമങ്ങളെ അറിയിച്ചത്. നാളെ വൈകീട്ട് മൂന്ന് മണിയോടെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ആദ്യം മലപ്പുറം ജില്ലയാകും സന്ദർശിക്കുക. തുടർന്ന് വയനാടിൽ ദുരന്തം വിതച്ച മേപ്പാടി ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കും. മലപ്പുറം, വയനാട് കളക്ട്രേറ്റുമായി കേന്ദ്രീകരിച്ച് രാഹുൽ ഗാന്ധിയുടെ സന്ദർശന പ്രവർത്തനം ചർച്ച ചെയ്യും.

പ്രളയം കേരളത്തെ ബാധിച്ച നിമിഷം തന്നെ രാഹുൽ ഗാന്ധി കേരളത്തിലേക്ക് വരാൻ തയ്യാറായിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 9,10,11,12 തീയതികളിൽ കേരളത്തിൽ വരാനുള്ള തീരുമാനം അറിയിച്ചിരുന്നു. താനുമായും പ്രതിപക്ഷ നേതാവുമായും അക്കാര്യം ചർച്ച ചെയ്തു. ലോക്‌സഭയിലെ പ്രശ്‌നങ്ങൾ കാരണം അവിടെ തങ്ങേണ്ട അവസ്ഥയുണ്ടായി. സംസ്ഥാന ഭരണകൂടവുമായി ചർച്ച ചെയ്തപ്പോൾ ഇപ്പോൾ വരേണ്ട എന്ന് അറിയിച്ചിരുന്നു. തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയെ പരസ്യമായി ആക്ഷേപിക്കുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

വയനാട്ടിൽ കനത്തമഴ നാശം വിതച്ചതിന് പിന്നാലെ വയനാട്ടിലെ ജനങ്ങളാണ് തന്റെ ചിന്തയിലും പ്രാർത്ഥനയിലുമെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. വയനാട് സന്ദർശിക്കുന്നതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നും അനുമതി ലഭിച്ചാൽ വയനാട്ടിലെത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

വയനാട്ടിലെ ജനങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കളക്ടർമാരുമായി അദ്ദേഹം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളും രാഹുൽ ട്വീറ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here