ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടേയും സൈനികരുടേയും സേവനം

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൊലീസിനെ സഹായിക്കുന്നതിന് വിരമിച്ച സൈനികർ, അർദ്ധസൈനികർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹായം തേടാൻ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ നിർദേശിച്ചു. ഇത്തരം വിരമിച്ച ആരോഗ്യവാന്മാരായ ഉദ്യോഗസ്ഥരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ കണ്ടെത്തി അവർക്ക് താൽപര്യമുളളപക്ഷം ദുരിതാശ്വാസ പ്രവർത്തനത്തിൽ സന്നദ്ധപ്രവർത്തകരായി പങ്കെടുപ്പിക്കേണ്ടതാണെന്നും ഡിജിപി നിർദേശിച്ചു.
കഴിയുന്നതും അവരവരുടെ താമസസ്ഥലത്തിന് സമീപമുളള ദുരന്തമേഖലകളിൽ തന്നെ ഇവരെ നിയോഗിക്കേണ്ടതാണ്. അവർക്ക് അതത് സ്ഥലത്തെക്കുറിച്ചുളള അറിവും നാട്ടുകാരോടുളള പരിചയവും രക്ഷാപ്രവർത്തനത്തിന് മുതൽക്കൂട്ടാകും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തയ്യാറായി മുന്നോട്ടുവരുന്ന വനിതകളുടെ സേവനം പ്രയോജനപ്പെടുത്താനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.
രക്ഷാപ്രവർത്തനത്തിന് ആവശ്യമായ പരമാവധി ഉപകരണങ്ങൾ വിവിധ മേഖലകളിൽ നിന്ന് പൊലീസ് നേരിട്ട് ശേഖരിച്ചിട്ടുണ്ട്. ഉപകരണങ്ങൾ ഇനിയും ആവശ്യമായി വരുന്നപക്ഷം നാട്ടുകാരുടെ സഹായത്തോടെ അവ സംഘടിപ്പിക്കണം. ബാറ്ററിയിൽ പ്രവർത്തിക്കുന്ന റേഡിയോ കൈയിൽ കരുതുന്നത് മുന്നറിയിപ്പുകളും സന്ദേശങ്ങളും അറിയാൻ സഹായകമാകും. നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളുടെ നിജസ്ഥിതി മനസിലാക്കാനും ഇത് സഹായിക്കും.
അപകടസാധ്യത ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും കൂടിനിൽക്കുന്നവർക്കും മുന്നറിയിപ്പ് നൽകി അവരെ മാറ്റിപ്പാർപിക്കാൻ പൊലീസ് നടപടി സ്വീകരിക്കണം. വളർത്തുമൃഗങ്ങളെ കൂടെ കൊണ്ടുപോകാൻ കഴിയാത്തവർ അവയെ കയറഴിച്ചുവിട്ട് രക്ഷപ്പെടാൻ അനുവദിക്കണം. അപകടസാധ്യതയുള്ള മേഖലകളിൽ സ്വയരക്ഷയ്ക്കുള്ള മാർഗങ്ങൾ സ്വീകരിച്ചുവേണം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടേണ്ടതെന്നും ഡിജിപി നിർദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here