ഷൊഐബ് മാലിക്കിന്റെ കിടിലൻ സിക്സറുകൾ; ഡ്രസിംഗ് റൂമിലെ ഗ്ലാസ് ചുവര് പൊട്ടിയത് രണ്ടു വട്ടം: വീഡിയോ

ഗ്ലോബൽ ടി-20 കാനഡ ലീഗിൽ ഷൊഐബ് മാലിക്കിൻ്റെ കിടിലൻ ബാറ്റിംഗ്. കഴിഞ്ഞ ദിവസം ബ്രാംപ്ടൻ വോൾവ്സിനെതിരെ നടന്ന മത്സരത്തിൽ വിസ്ഫോടനാത്മക ബാറ്റിംഗ് കാഴ്ച വെച്ച പാക്ക് വെറ്ററൻ രണ്ടു വട്ടമാണ് സിക്സറടിച്ച് ഡ്രസിംഗ് റൂമിലെ ഗ്ലാസ് ചുവര് പൊട്ടിച്ചത്. ഷൊഐബിൻ്റെ ‘ഗ്ലാസ് ബ്രേക്കിംഗ്’ സിക്സറുകളുടെ വീഡിയോ ഗ്ലോബൽ ടി-20യുടെ ഫേസ്ബുക്ക് പേജിലൂടെ തന്നെ പുറത്തു വിട്ടിട്ടുണ്ട്.
വാൻകൂവർ നൈറ്റ്സിൻ്റെ ക്യാപ്റ്റനായ മാലിക്ക് 14ആം ഓവറിലാണ് ആദ്യം ഗ്ലാസ് ചുവര് പൊട്ടിച്ചത്. ഇഷ് സോധിയെറിഞ്ഞ ഓവറിലെ രണ്ടാം ബോളിൽ ക്രീസ് വിട്ടിറങ്ങിയ മാലിക്ക് കവറിലൂടെ പന്ത് സിക്സറിനു പറത്തി. മാലിക്ക് അഡ്വാൻസ് ചെയ്യുന്നത് കണ്ട സോധി പന്ത് ഓഫ് സൈഡിൽ വൈഡായി എറിഞ്ഞെങ്കിലും പന്ത് ഗ്ലാസ് ചുവര് തകർത്ത് അതിർത്തി വര കടന്നു. അടുത്ത ഗ്ലാസ് പൊട്ടിയത് 16ആം ഓവറിലായിരുന്നു. ഓവറിലെ നാലാം പന്തിൽ ദേശീയ ടീമിലെ സഹതാരം വഹാബ് റിയാസിനെ പോയിൻ്റിനു മുകളിലൂടെ മാലിക്ക് അതിർത്തിക്കപ്പുറത്തെത്തിച്ചു. 26 പന്തുകളിൽ നാലു ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 46 റൺസെടുത്ത മാലിക്ക് വാൻകൂവർ നൈറ്റ്സിൻ്റെ ടോപ്പ് സ്കോററായി.
മഴ മൂലം 16 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വാൻകൂവർ നൈറ്റ്സ് 77 റൺസിൻ്റെ കൂറ്റൻ ജയം കുറിച്ചു. നാലു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്ത വാൻകൂവറിനു മറുപടിയായി 13.4 ഓവറിൽ 103 റൺസിന് ബ്രാംപ്ടൻ വോൾവ്സ് ഓൾ ഔട്ടായി. വാൻകൂവർ നൈറ്റ്സിനു വേണ്ടി വിക്കറ്റ് കീപ്പർ തോബിയാസ് വീസ്, ആന്ദ്രേ റസൽ എന്നിവരും തിളങ്ങി. മറുപടി ബാറ്റിംഗിൽ 25 പന്തുകളിൽ 62 റൺസെടുത്ത കോളിൻ മൺറോ മാത്രമാണ് തിളങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here