മലബാർ ജില്ലകളിലെ ക്യാമ്പുകളിൽ സൗജന്യ പാൽ വിതരണവുമായി മിൽമ

കനത്ത മഴ ഏറെ നാശം വിതച്ച മലബാർ ജില്ലകളിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സൗജന്യമായി പാൽ വിതരണം ചെയ്യുമെന്നറിയിച്ച് മിൽമ. മിൽമയുടെ മലബാർ റീജിയണൽ കോഓപ്പറേറ്റിവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. ക്യാമ്പുകളിലേക്ക് ആവശ്യമായ പാൽ അടുത്തുള്ള ഡയറികളിൽ നിന്ന് ലഭിക്കുമെന്നാണ് അറിയിപ്പ്.
പാലക്കാട്, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് മിൽമയുടെ സേവനം ലഭ്യമാവുക. ഇതുമായി ബന്ധപ്പെട്ട് അതാതു ജില്ലകളിലെ അധികൃതരുമായി ബന്ധപ്പെടാനുള്ള മൊബൈൽ നമ്പറുകളും മിൽമ നൽകിയിട്ടുണ്ട്.
ഔദ്യോഗികമായി സമീപിച്ചാൽ മാത്രമേ പാൽ ലഭിക്കൂ എന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. ക്യാമ്പുകളിലേക്കാണ് പാലിൻ്റെ ആവശ്യമെന്നും അത്രയും പാലുകൾ ആവശ്യമുണ്ടെന്നുമുള്ള കൃത്യമായ കണക്കുകൾ കൊണ്ട് മാത്രമേ മിൽമ പാൽ വിതരണം നടത്തൂ. അതേ സമയം, പാലക്കാട് വെള്ളമിറങ്ങി ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയതു കൊണ്ട് ജില്ലയിൽ ഇതിന് അധികം ആവശ്യക്കാരില്ലെന്നും മറ്റു ജില്ലകളിൽ ആവശ്യക്കാർക്ക് അതാതു കേന്ദ്രങ്ങളിൽ ബന്ധപ്പെടാമെന്നും മിൽമ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here