‘വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്ന പ്രസിഡന്റ്’; ട്രംപിനെതിരെ ദേശീയഗാന സമയത്ത് മുട്ടുകുത്തി പ്രതിഷേധിച്ച് വാൾപ്പയറ്റ് താരം

പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ സമ്മാന വേദിയില്‍ മുട്ടുകുത്തി നിന്ന് പ്രതികരിച്ച് അമേരിക്കന്‍ വാൾപ്പയറ്റ് താരം റേസ് ഇംബൊഡെന്‍. വംശീയതയും വിദ്വേഷ പ്രചാരണങ്ങളും കുടിയേറ്റക്കാർക്കെതിരെ നടത്തുന്ന മോശം പരാമർശങ്ങളും നടത്തുന്ന പ്രസിഡൻ്റിനെതിരെയാണ് തൻ്റെ പ്രതിഷേധമെന്ന് അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചു.

പെറുവിലെ ലിമയില്‍ നടന്ന പാന്‍ അമേരിക്കന്‍ ഗെയിംസ് വേദിയില്‍ പോഡിയത്തിന് മുകളില്‍ വെച്ചാണ് റേസ് ട്രംപിനെതിരെ പ്രതിഷേധിച്ചത്. ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ അമേരിക്കന്‍ ടീമിന്റെ ഭാഗമായിരുന്നു റേസ്. സമ്മാനദാനത്തിനായി പോഡിയത്തിൽ നിൽക്കെ ദേശീയ ഗാനം കേൾപ്പിച്ചപ്പോഴാണ് റേസ് മുട്ടുകുത്തി നിന്ന് തൻ്റെ പ്രതിഷേധം അറിയിച്ചത്.

“ഈ ആഴ്ച പാൻ അമേരിക്കൻ ഗെയിമിൽ എൻ്റെ രാജ്യത്തെ അഭിമുഖീകരിക്കുക എന്ന മഹത്തായ ഉദ്യമം കൊണ്ട് ഞാൻ ധന്യനായി. മത്സരങ്ങളിൽ വെങ്കലവും സ്വർണ്ണവും എനിക്ക് നേടാനും സാധിച്ചു. പക്ഷേ, ഞാൻ ഹൃദയത്തോട് ചേർത്തു നിർത്തുന്ന എൻ്റെ രാജ്യത്തിനു ഭവിച്ചിട്ടുള്ള ചിലതിൽ എൻ്റെ അഭിമാനം ഇടിഞ്ഞിരിക്കുന്നു. വംശീയത, തോക്ക് നിയന്ത്രണം, കുടിയേറ്റക്കാർക്കെതിരെ നടത്തുന്ന മോശം പരാമർശങ്ങൾ, ഇതിനെല്ലാമുപരിയായി വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്ന ഒരു പ്രസിഡൻ്റ്. അറിയിക്കേണ്ടുന്ന വിഷയമെന്ന് ഞാൻ വിശ്വസിക്കുന്ന ചില കാര്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ എൻ്റെ ഈ സമയത്തെ ഞാൻ സമർപ്പിക്കുകയാണ്. മാറ്റത്തിനും ശാക്തീകരണത്തിനുമായി മറ്റുള്ളവരും അവരുടെ വേദികള്‍ ഉപയോഗിക്കണമെന്ന് ഞാൻ ശ്രദ്ധയിൽപ്പെടുത്തുന്നു”- റേസ് ട്വിറ്ററിലൂടെ കുറിച്ചു.

തന്നോടൊപ്പം ടീമിലുണ്ടായിരുന്ന രണ്ട് പേർ എഴുന്നേറ്റ് നിൽക്കുമ്പോഴായിരുന്നു റേസിൻ്റെ ഒറ്റയാൾ പ്രതിഷേധം. ട്വിറ്ററിൽ ഈ പ്രതിഷേധം വലിയ ചർച്ചകൾക്ക് വഴി വെക്കുന്നുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More