Advertisement

തിരുവനന്തപുരത്ത് നഗരസഭയുടെ ആഭിമുഖ്യത്തിലുള്ള കളക്ഷന്‍ സെന്റര്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

August 12, 2019
Google News 0 minutes Read

തിരുവനന്തപുരത്ത് ദുരിതാശ്വാസ സാധന സാമഗ്രികള്‍ സംഭരിക്കുന്ന നഗരസഭയുടെ കളക്ഷന്‍ സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള എട്ടാമത്തെ ലോഡ് സാധനങ്ങള്‍ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചയ്തു. കൂടാതെ കളക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി വിലയിരുത്തി.

മലബാറിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് തിരുവനന്തപുരത്തെ നഗരസഭയില്‍ നിന്നും എട്ടാമത്തെ ലോഡ് വാഹനമാണ് ഇന്ന് പുറപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നഗരസഭയുടെ കളക്ഷന്‍ സെന്ററില്‍ നേരിട്ടെത്തിയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. നെഗറ്റീവ് ക്യാമ്പയിനുകള്‍ ആദ്യ ദിനത്തിലെ കളക്ഷനെ ബാധിച്ചെങ്കിലും എത്തേണ്ട കൈകളില്‍ ഭദ്രമായി സാധനങ്ങള്‍ എത്തുമെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്ന് നഗരസഭ മേയര്‍ വികെ പ്രശാന്ത്.

ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് വളരെ നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. 2 ദിവസം മുന്‍പ് ആദ്യ ലോഡ് സാധനങ്ങള്‍ വായനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് കൊണ്ടുപോയത്. ഇന്നലെ നിലമ്പൂരിലും കോഴിക്കോട്ടും സാധനങ്ങള്‍ എത്തിച്ചു. ഇന്ന് പുറപ്പെട്ട എട്ടാമത്തെ ലോഡ് സാധനങ്ങള്‍ മാനന്തവാടിയിലെ ക്യാമ്പുകളിലേക്കാണ് കൊണ്ടുപോയത്. കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ ലഭിക്കുന്നത് കുറവാണെന്നാണ് കളക്ഷന്‍ സെന്ററില്‍ നിന്നും പറയുന്നത്. പ്രതീക്ഷിച്ചതിലും അധികം സാധനങ്ങള്‍ കിട്ടിയതിന്റെ സന്തോഷവുമുണ്ട് പ്രവര്‍ത്തകര്‍ക്ക്. ഇന്ന് രാവിലെ യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള കളക്ഷന്‍ സെന്ററില്‍ നിന്നും പെരിന്തല്‍മണ്ണയിലെ ക്യാമ്പുകളിലേക്കുളള ആവശ്യസാധനങ്ങള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദന്‍ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. അതേസമയം, മാധ്യമ കൂട്ടായ്മയുടെ കളക്ഷന്‍ സെന്റര്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here