കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു; എഴുന്നൂറിലധികം വീടുകളിൽ വെള്ളം കയറി

കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു. കിഴക്കൻ വെള്ളത്തിന്റെ വരവിനെ തുടർന്ന് കുട്ടനാട്ടിൽ വെള്ളപ്പൊക്കമുണ്ടായി. 21 പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി. 1460 ഹെക്ടർ കൃഷി നശിച്ചിട്ടുണ്ട്. കൂടുതൽ പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാണ്. 700 ലധികം വീടുകളിൽ വെള്ളം കയറി. പമ്പയാറ്റിലേയും അച്ചൻകോവിലാറ്റിലേയും ജലനിരപ്പ് ഉയർന്നതാണ് കുട്ടനാടിനെ വെള്ളത്തിൽ മുക്കിയിരിക്കുന്നത്.
വെള്ളം കയറിയതിനെ തുടർന്ന് ആലപ്പുഴ, ചങ്ങനാശ്ശേരി റോഡിൽ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. കെഎസ്ആർടിസി സർവീസുകൾ നിർത്തിവച്ചു. കൈനകരി ഭാഗത്ത് നിന്നടക്കം ആളുകളെ ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ മാത്രം രണ്ടായിരം പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്. 2018ലെ മഹാപ്രളയകാലത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച സ്ഥലങ്ങളിലൊന്ന് കുട്ടനാട് ആയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here