ആശങ്ക വര്‍ധിപ്പിച്ച് കുട്ടനാട്ടില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവ്

മഴയുടെ വരവ് കുറഞ്ഞെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 16 ലധികം മടകള്‍ വീണ് നിരവധി വീടുകളാണ് വെള്ളത്തിനടിയിലായിരിക്കുന്നത്. നാളെ ജില്ലയില്‍ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനവും ആലപ്പുഴയിലെ സ്ഥിതി സങ്കീര്‍ണമാക്കുന്നു.
ജില്ലയില്‍ ഇടവിട്ടാണ് കനത്ത മഴ പെയ്യുന്നതെങ്കിലും പുഴകളും കായലും ചെറു തൊടുകളും നിറഞ്ഞു കവിയുന്ന സാഹചര്യമാണുള്ളത്. ചിലയിടങ്ങളില്‍ ബണ്ടുകള്‍ തകര്‍ന്നും, കവിഞ്ഞും നിരവധി പാടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.
കുട്ടനാട്ടില്‍ ഇതുവരെ 16 ലധികം ഇടങ്ങളില്‍ മടവീണ് രണ്ടായിരത്തിലധികം ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു. മട വീഴ്ചയെ തുടര്‍ന്ന്, നൂറ് കണക്കിന് വീടുകളില്‍ വെള്ളം കയറിയതിനൊപ്പം ആറ് പങ്ക് പാടത്ത് മട വീണുണ്ടായ കുത്തൊഴുക്കില്‍ ഒരു വീട് തകര്‍ന്നടിഞ്ഞു. വെള്ളം കയറിയ വീടുകളില്‍ നിന്ന് നിരവധി പേരെ ക്യാമ്പുകളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്.
13,000 ലധികം പേരാണ് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളത്. എന്നാല്‍ ആശങ്കയുടെ സാഹചര്യം ഇല്ലെന്നും മുന്‍ കരുതല്‍ എന്ന നിലയിലാണ് കൂടുതല്‍ പേരെ ക്യാമ്പിലേക്ക് മാറ്റുന്നതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. അതേസമയം ആലപ്പുഴ ചങ്ങനാശേരി റോഡിലെ വെള്ളക്കെട്ട് തുടരുന്നതിനാല്‍ ഇത് വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. ആലപ്പുഴയില്‍ നിന്ന് മാമ്പുഴക്കരി വരെ ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് മങ്കൊമ്പുവരെ ചുരുക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here