‘നമ്മള് ഇവിടുന്ന് പോകുമ്പോ ഇതൊന്നും കൊണ്ടുപോകൂല്ലാ’; പ്രളയ ദുരിതാശ്വാസത്തിനായി ഉള്ളതെല്ലാം നൽകി നൗഷാദ്

പ്രളയ ദുരിതാശ്വാസത്തിനായി ഉള്ളതെല്ലാം നൽകി കൊച്ചിയിലെ വഴിയോര വസ്ത്രക്കച്ചവടക്കാരൻ. ബ്രോഡ് വേയിൽ വഴിയോര കച്ചവടം നടത്തുന്ന മാലിപ്പുറം സ്വദേശി പി എം നൗഷാദാണ് കച്ചവടത്തിനായിവച്ചിരുന്ന വസ്ത്രങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി നൽകിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മടിച്ചു നിൽക്കുന്നവർക്ക് പ്രചോദനമാണ് ഈ മനുഷ്യൻ. പെരുന്നാളായിട്ടും കച്ചവടത്തിന്റെ ലാഭമോ, നഷ്ടമോ ഒന്നും നോക്കാതെയാണ് നൗഷാദ് വസ്ത്രങ്ങൾ നൽകിയത്. മനുഷ്യന് നന്മ ചെയ്യുന്നതാണ് തന്റെ ലാഭമെന്നും നൗഷാദ് പറയുന്നു.
നടൻ രാജേഷ് ശർമയാണ് നൗഷാദിനെ ഫേസ്ബുക്ക് ലൈവിലൂടെ ആളുകൾക്ക് മുന്നിലെത്തിച്ചത്. രാജേഷും സംഘവും നിലമ്പൂർ, വയനാട് എന്നിവിടങ്ങളിലെ ക്യാമ്പുകലിലേക്ക് എറണാകുളം ബ്രോഡ്വേയിൽ വിഭവ സമാഹരണം നടത്തുന്നതിനിടെയാണ് നൗഷാദിനെ കാണുന്നത്. തുടർന്ന് തന്റെ കടയിലേക്ക് രാജേഷിനേയും സംഘത്തേയും കൂട്ടിക്കൊണ്ടുപോയി വസ്ത്രങ്ങൾ നൽകുകയായിരുന്നു. പെരുന്നാൾ കച്ചവടത്തിനായി മാറ്റിവെച്ചിരുന്ന മുഴുവൻ വസ്ത്രങ്ങളും നൗഷാദ് ചാക്കുകൾ നിറച്ചു നൽകി. പെരുന്നാളായിട്ട് ഇത്തരത്തിൽ വസ്ത്രങ്ങൾ നൽകുന്നത് നഷ്ടമാകില്ലേ എന്ന് രാജേഷ് ശർമ ചോദിക്കുന്നുണ്ട്. മനുഷ്യന് നന്മ ചെയ്യുന്നതാണ് തനിക്ക് ലാഭമെന്നായിരുന്നു അതിന് മറുപടി.
ഇത്തരത്തിൽ മുഴുവൻ വസ്ത്രങ്ങളും നൽകുന്നത് തങ്ങൾക്ക് വിഷയമുണ്ടാക്കുമെന്ന് രാജേഷ് ശർമയ്‌ക്കൊപ്പമുണ്ടായിരുന്ന യുവതി പറഞ്ഞപ്പോൾ തനിക്ക് വിഷയമമാകില്ലെന്നും ഇവിടെ നിന്നും പോകുമ്പോൾ ഇതൊന്നു കൊണ്ടുപോകില്ലല്ലോ എന്നുമായിരുന്നു നൗഷാദ് പറഞ്ഞത്. കൊടുക്കുന്നതെല്ലാം ദൈവം തിരുച്ചു തന്നോളുമെന്നും നൗഷാദ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here