പ്യൂട്ടോറിക്കയുടെ പുതിയ ഗവര്‍ണറായി വാന്‍ഡാ വാസ്‌കെസ് ചുമതലയേറ്റു

പ്യൂട്ടോറിക്കയുടെ പുതിയ ഗവര്‍ണറായി വാന്‍ഡാ വാസ്‌കെസ് ചുമതലയേറ്റു. നീതിന്യായ സെക്രട്ടറിയായിരുന്ന വാന്‍ഡാ വാസ്‌കെസ് ഒരാഴ്ച്ചക്കിടെ അധികാരമേല്‍ക്കുന്ന മൂന്നാമത്തെ ഗവര്‍ണറാണ്. ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് ഗവര്‍ണറായി അധികാരമേറ്റപിഡ്രോ പിയര്‍ലൂസിയെ സുപ്രിം കോടതി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
കഴിഞ്ഞ ആഴ്ച പിഡ്രോ പിയര്‍ലൂസി പ്യൂട്ടോറിക്കയുടെ ഗവര്‍ണറായി അധികാരമേറ്റിരുന്നു. എന്നാല്‍ ഭരണഘടനവ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് ചൂണ്ടികാണിച്ച് സുപ്രിം കോടതി പിഡ്രോ പിയര്‍ലൂസിയെ സ്ഥാനത്ത് നിന്ന നീക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ ഗവര്‍ണറായി നീതിന്യായ സെക്രട്ടറിയായിരുന്നു വാന്‍ഡാ വാസ്‌കെസ് ചുമതലയേറ്റത്.
താന്‍ ഗവര്‍ണറാവാന്‍ ആഗ്രഹിച്ചില്ലെന്നും എന്നാല്‍ ഭരണഘടനാപരമായ ബാധ്യതയായതിനാലാണ് സ്ഥാനമേല്‍ക്കുന്നതെന്നും അധികാരമേറ്റ ഉടനെ വാന്‍ഡാ വാസ്‌കെസ് പറഞ്ഞു. രാജ്യത്ത് രാഷ്ട്രീയ സ്ഥിരത കൊണ്ടു വരുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നതായും അവര്‍ വ്യക്തമാക്കി. പ്യൂട്ടോ റിക്കയെ മുന്നോട്ട് നയിക്കാന്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുമെന്നും വാസ്‌കെസ് അറിയിച്ചു.
പ്രതിഷേധങ്ങളെ തുടര്‍ന്ന് മുന്‍ ഗവര്‍ണര്‍ റിക്കാര്‍ഡോ റോസെല്ലോ രാജിവെച്ചതിനെതുടര്‍ന്നാണ് പ്യൂട്ടോറിക്കയില്‍ ഭരണ പ്രതിസന്ധി ഉടലെടുത്തത്.
സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച സ്ത്രീ വിരുദ്ധ സന്ദേശങ്ങള്‍ പുറത്തായതിനെത്തുടര്‍ന്നുണ്ടായ വന്‍ പ്രതിഷേധമാണ് റോസെല്ലോയുടെ രാജിയിലേക്ക് നയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here