ഇനി ചിപ്പ് ഘടിപ്പിച്ച പന്തുകൾ; ബിഗ് ബാഷ് ലീഗിൽ അരങ്ങേറും

ക്രിക്കറ്റ് പന്തുകളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഐസിസി. മൈക്രോ ചിപ്പ് ഘടിപ്പിച്ച പന്തുകൾ ഉപയോഗിക്കാൻ ഐസിസി തയ്യാറെടുക്കുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കൊല്ലത്തെ ബിഗ് ബാഷ് ലീഗിലാവും മൈക്രോ ചിപ്പ് പന്തുകളുടെ പരീക്ഷണം. പരീക്ഷണം വിജയിച്ചാൽ അന്താരാഷ്ട്ര മത്സരങ്ങളിലും മൈക്രോ ചിപ്പ് പന്തുകൾ ഉപയോഗിക്കും.
ക്രിക്കറ്റ് പന്തിന്റെ ഏറ്റവും ഉൾവശത്ത് ഒരു ചെറിയ മുട്ടയുടെ ആകൃതിയിലുള്ള മൈക്രോ ചിപ്പാണ് ഘടിപ്പിക്കുക. റബറും കോർക്കും ഉപയോഗിച്ചുള്ളതായിരിക്കും ഇത്. പുറം കാഴ്ചയിൽ സാധാരണ ക്രിക്കറ്റ് പന്തുകളുടേതിന് സമാനമായതായിരിക്കും ഇതും. പന്തിനുള്ളിൽ ഘടിപ്പിച്ച ചിപ്പിനുള്ളിൽ നിന്ന് വിവരങ്ങൾ ഒരു സ്മാർട്ട് വാച്ചോ, ഫോണോ വഴി പുറത്തെത്തും.
പന്തിന്റെ വേഗത, സ്വിംഗ് മുതലായുള്ള അടിസ്ഥാന കാര്യങ്ങൾ മുതൽ പന്തിനെക്കുറിച്ചുള്ള സൂക്ഷ്മവിവരങ്ങൾ വരെ ഈ മൈക്രോ ചിപ്പിലൂടെ നമുക്ക് ലഭിക്കും. ഡിസിഷൻ റിവ്യൂ സിസ്റ്റത്തിലുൾപ്പെടെ അമ്പയർമാർക്കും ഏറെ സഹായം നൽകാൻ ഈ മൈക്രോ ചിപ്പ്ഡ് പന്തുകൾക്ക് കഴിയും.
അതേ സമയം ഈ പന്തിൽ ഇപ്പോളും കാര്യമായ പരീക്ഷണം നടന്നിട്ടില്ല. ബിഗ് ബാഷ് ലീഗിൽ ഉപയോഗിച്ച് നോക്കിയതിന് ശേഷമേ സംഭവം വിജയമാകുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വരൂ. മൈക്രോ ചിപ്പ് ഘടിപ്പിച്ച ഒരു പന്ത് എത്ര നേരം ഉപയോഗിക്കാൻ പറ്റും എന്ന കാര്യത്തിലും വ്യക്തത ലഭിക്കേണ്ടതുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here