ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ ഇനി നിർമാണ പ്രവർത്തനം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ ഇനി നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾ പൊട്ടൽ സാധ്യതാ സ്ഥലങ്ങളെക്കുറിച്ച് സർക്കാർ പഠനം നടത്തും. പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിട നിർമാണ രീതിക്ക് പ്രചാരം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.
ഉരുൾ പൊട്ടലും മണ്ണിടിച്ചിലുമാണ് ഇത്തവണ കനത്ത നാശനഷ്ടം വരുത്തിവച്ചതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ക്വാറികളുടെ പ്രവർത്തനം നിർത്തിവച്ചത് കനത്ത മഴ കണക്കിലെടുത്താണ്. ഉരുൾപൊട്ടൽ നാശം വിതച്ച സ്ഥലങ്ങളിൽ ഇനി നിർമാണം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ തനതു രീതിയിൽ കെട്ടിടംവയ്ക്കുന്നതും ദുരന്ത വ്യാപ്തി കൂട്ടാൻ ഇടയാക്കുന്നു. പ്രീ ഫാബ്രിക്കേറ്റഡ് രീതിയിലേക്ക് മാറേണ്ട സമയമായി. സർക്കാർ കെട്ടിടങ്ങൾ പ്രീ ഫാബ്രിക്കേറ്റഡ് രീതിയിൽ നിർമിച്ച് ഇത്തരം നിർമാണ വിദ്യക്ക് പ്രചാരം നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here