സ്പെഷ്യൽ ലെയ്സൺ ഓഫീസറെ നിയമിച്ചത് സർക്കാരിന്റെ ധൂർത്തെന്നും നടപടി ഉടൻ പിൻവലിക്കണമെന്നും ചെന്നിത്തല

ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനെന്ന പേരിൽ ലക്ഷങ്ങൾ ശമ്പളം നിശ്ചയിച്ച് സ്‌പെഷ്യൽ ലെയ്സൺ ഓഫീസറെ നിയമിച്ച സർക്കാരിന്റെ നടപടി തികഞ്ഞ ധൂർത്തും അനാസ്ഥയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം വീണ്ടും വലിയ പ്രളയക്കെടുതിയുടെ നടുവിൽ നിൽക്കെയാണ് സർക്കാരിന്റെ ധൂർത്തെന്നും സ്പെഷ്യൽ ലെയ്സൺ ഓഫീസറെ നിയമിച്ച നടപടി ഉടൻ പിൻവലിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ പ്രളയത്തെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം പോലും ദുരന്ത ബാധിതരിൽ പലർക്കും ലഭിച്ചിട്ടില്ല. ഈ പ്രളയത്തിൽ ദുരന്ത ബാധിതരായവർക്ക് ഇതുവരെ യാതൊരു സഹായങ്ങളും നൽകിത്തുടങ്ങിയിട്ടുമില്ല. ഇതിനിടയിലാണ് ഒരു ലക്ഷത്തി പതിനായിരം രൂപ മാസശമ്പളം നൽകുന്ന ഒരു തസ്തിക തികച്ചും അനാവശ്യമായി സൃഷ്ടിച്ച് സർക്കാർ ഖജനാവ് ധൂർത്തടിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Read Also; മട വീഴ്ച രൂക്ഷമായ കുട്ടനാട്ടിൽ സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് ചെന്നിത്തല
ഭരണഘടനാ സ്ഥാപനമായ അഡ്വക്കേറ്റ് ജനറൽ ഓഫീസും, അതിന് കീഴിലുള്ള 140 ഓളം സർക്കാർ അഭിഭാഷകരും നിലനിൽക്കെയാണ് ഹൈക്കോടതിയിലെ കേസുകൾക്കായി ഒരു സ്പെഷ്യൽ ലെയ്സൺ ഓഫീസറുടെ തസ്തിക സൃഷ്ടിച്ചിരിക്കുന്നത്. സർക്കാരിന് നിയമോപദേശം നൽകുക, ഹൈക്കോടതിയിൽ സർക്കാർ കക്ഷിയായിരിക്കുന്ന കേസുകൾ നടത്തുകയും, അവയുടെ പുരോഗതി വിലയിരുത്തുകയും ചെയ്യുക എന്നിവയാണ് അഡ്വക്കേറ്റ് ജനറൽ ഓഫീസിന്റെയും സർക്കാർ അഭിഭാഷകരുടെയും പ്രധാന കർത്തവ്യം. അതിനിടയിൽ ലെയ്സൺ ഓഫീസർ എന്ന തസ്തികയുണ്ടാക്കി ധൂർത്ത് നടത്തിയതെന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here