‘അതേപ്പപ്പറ്റി ഞാനൊന്നും പറഞ്ഞിട്ടില്ല’; വീണ്ടും വിരമിക്കൽ തീരുമാനം മാറ്റി ക്രിസ് ഗെയിൽ

വീണ്ടും വിരമിക്കൽ തീരുമാനം മാറ്റി വിൻഡീസ് സ്റ്റാർ ഓപ്പണർ ക്രിസ് ഗെയിൽ. ഇന്ത്യക്കെതിരായ പരമ്പരയോടെ വിരമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിപ്പോൾ തൻ്റെ അജണ്ടയിലില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യക്കെതിരെ നടന്ന മൂന്നാം ഏകദിനത്തിനു ശേഷമാണ് ഗെയിൽ മനസ്സു തുറന്നത്.

ഇന്നലെ മടന്ന മത്സരത്തിനു ശേഷം വിൻഡീസ് ക്രിക്കറ്റ് ബോർഡിനോടാണ് തനിക്ക് നിലവിൽ വിരമിക്കൽ പ്ലാനുകൾ ഇല്ലെന്ന് ഗെയിൽ വ്യക്തമാക്കിയത്. താൻ വിരമിക്കലിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിരമിക്കില്ലെന്നും ഗെയിൽ പറഞ്ഞു.

ലോകകപ്പിനു ശേഷം വിരമിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന ഗെയിൽ പിന്നീട് തീരുമാനം മാറ്റി ഇന്ത്യക്കെതിരായ പരമ്പരയ്ക്കു ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ വിരമിക്കുമെന്നാണ് ഗെയിൽ അറിയിച്ചിരുന്നതെങ്കിലും അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ സെലക്ഷൻ കമ്മറ്റി തയ്യാറായിരുന്നില്ല.

ഇന്ത്യക്കെതിരെ നടന്ന ആദ്യ ഏകദിനം വിൻഡീസ് ജേഴ്സിയിൽ ഗെയിലിൻ്റെ 300ആം മത്സരമായിരുന്നു. വിൻഡീസിനായി ഏകദിനങ്ങളിൽ ഏറ്റവുമധികം റൺസ് സ്കോർ ചെയ്യുന്ന താരം എന്ന റെക്കോർഡ് രണ്ടാം ഏകദിനത്തിനിടെ ഗെയിൽ സ്വന്തമാക്കിയിരുന്നു. വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെ മറികടന്നാണ് ഗെയിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More