പുത്തുമലയിൽ അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് മന്ത്രി ശൈലജ

മനുഷ്യസാധ്യമായ എല്ലാ രീതിയിലുമുള്ള തിരച്ചിൽ പുത്തുമലയിൽ നടക്കുന്നുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. തിരച്ചിൽ നടത്തുന്നവരുടെ നിസ്സഹായാവസ്ഥ ബന്ധുക്കളെ അറിയിക്കും. അവർ ആവശ്യപ്പെട്ടാൽ അവസാന ആളെ കണ്ടെത്തുന്നതു വരെയും തിരച്ചിൽ തുടരുമെന്നും തിരച്ചിൽ നിർത്തുന്നതിന് സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ശൈലജ പറഞ്ഞു. പുത്തുമലയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Read Also; പുത്തുമല ഉരുൾപ്പൊട്ടൽ; സ്‌നിഫർ നായകളെ ഉപയോഗിച്ച് തെരച്ചിൽ തുടരുന്നു
ദേശീയ ദുരന്തനിവാരണ സേനയും കേരള പൊലീസും സ്ഥലത്ത് തിരച്ചിൽ തുടരുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ സംഘവും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു. രക്ഷാപ്രവർത്തനം നടത്തുന്ന ടീം അംഗങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ഡോക്ടർമാർക്ക് നിർദേശം കൊടുത്തിട്ടുണ്ട്. പ്രദേശത്ത് പകർച്ചവ്യാധി പടർന്നു പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേ സമയം പുത്തുമലയിൽ വൈദ്യുതി ബന്ധം ഇന്ന് പുനസ്ഥാപിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് ഒരാഴ്ചയിലധികമായി ഇവിടെ വൈദ്യുതി ഇല്ലായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here