പണരഹിത ഇടപാടുകൾക്കുള്ള എടിഎം ചാർജുകൾ ഒഴിവാക്കണമെന്ന് റിസർവ് ബാങ്ക്

എടിഎമ്മുകളിലെ പണരഹിത ഇടപാടുകളെ സൗജന്യമായി കാണണമെന്ന് ബാങ്കുകളോട് റിസര്‍വ് ബാങ്ക്. ബാലന്‍സ് പരിശോധന, ചെക്ക് ബുക്ക് അപേക്ഷ തുടങ്ങി പണരഹിത ഇടപാടുകളെ സര്‍വീസ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ നിർദ്ദേശിക്കുന്നത്.

നിലവില്‍ പ്രതിമാസം നിശ്ചിത എണ്ണം ഇടപാടുകള്‍ മാത്രമാണ് സൗജന്യം. പല ബാങ്കുകളിലും ഇതിന്റെ എണ്ണം വ്യത്യസ്തമാണ്. എന്നാല്‍ സാങ്കേതിക തടസ്സങ്ങള്‍ കാരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഇടപാടുകളെയും നിര്‍ദിഷ്ട ഇടപാടുകളായി കണക്കാക്കി സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി. കറന്‍സിനോട്ടുകളുടെ അഭാവം, പിന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തല്‍ തുടങ്ങി ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്ന നിരവധി സന്ദര്‍ഭങ്ങള്‍ പതിവാണ്. ഇവയ്ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നാണ് റിസര്‍വ് ബാങ്കിൻ്റെ നിർദ്ദേശം

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. അതില്‍തന്നെ എസ്ബിഐയില്‍നിന്ന് അഞ്ചും മറ്റു ബാങ്കുകളില്‍നിന്ന് മൂന്ന് ഇടപാടുകളുമാണ് സൗജന്യം.മെട്രോ നഗരങ്ങളിലല്ലാത്തവര്‍ക്ക് 10 സൗജന്യ ഇടപാടുകള്‍ നടത്താം. എസ്ബിഐയുടെ എടിഎംവഴി അഞ്ചും മറ്റു ബാങ്കുകളുടെ അഞ്ചും ഇടപാടുകളാണ് അനുവദിച്ചിരുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top